Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫൈനലിനു ഇറങ്ങുമ്പോള്‍ പേടിക്കണം, വമ്പന്‍ പോരാട്ടങ്ങളില്‍ ഇന്ത്യയെ മുട്ടുകുത്തിച്ച കിവീസിനെ !

India vs New Zealand
, ചൊവ്വ, 1 ജൂണ്‍ 2021 (16:23 IST)
ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനായി ഇന്ത്യയും ന്യൂസിലന്‍ഡും സജ്ജമായി. ജൂണ്‍ 18 മുതല്‍ 22 വരെയാണ് ആവേശ പോരാട്ടം. കരുത്തരായ ഓസ്‌ട്രേലിയയെയും ഇംഗ്ലണ്ടിനെയും വീഴ്ത്തിയതിന്റെ ആവേശവുമായാണ് ഇന്ത്യ എത്തുന്നത്. പാക്കിസ്ഥാനെയും വെസ്റ്റ് ഇന്‍ഡീസിനെയും തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കിയതിന്റെ കരുത്ത് കിവീസിനുമുണ്ട്. എങ്കിലും കണക്കുകള്‍ നോക്കുമ്പോള്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ ഉണ്ടെന്ന് പറയാതെ വയ്യ. 
 
വമ്പന്‍ പോരാട്ടങ്ങളില്‍ ഇന്ത്യയെ വീഴ്ത്തിയുള്ള പരിചയം കിവീസിനുണ്ട്. അത് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ഇന്ത്യ പേടിക്കേണ്ടതും അത് തന്നെ. ഐസിസിയുടെ മൂന്ന് വമ്പന്‍ പോരാട്ടങ്ങളില്‍ ഇന്ത്യയെ നിരാശപ്പെടുത്തിയ ടീമാണ് ന്യൂസിലന്‍ഡ്. 
 
2016 ലെ ടി 20 ലോകകപ്പ് ആരും മറന്നുകാണില്ല. ഇന്ത്യ കിരീടമുയര്‍ത്തുമെന്ന് എല്ലാവരും പ്രവചിച്ച വര്‍ഷം. എന്നാല്‍, ടൂര്‍ണമെന്റിലെ 13-ാം മത്സരത്തില്‍ കിവീസ് ഇന്ത്യയെ നാണംകെടുത്തി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നേടിയത് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 126 റണ്‍സ് മാത്രം. ഇന്ത്യ വിജയിക്കുമെന്ന് ഉറപ്പിച്ച മത്സരം. എന്നാല്‍, രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കംമുതലെ വെള്ളിടികള്‍ ആയിരുന്നു ! ഓപ്പണര്‍മാരായ ധവാനും രോഹിത്തും അതിവേഗം കൂടാരം കയറി. ഇന്ത്യ മൂന്നിന് 12 എന്ന നിലയിലായി. 30 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയും 23 റണ്‍സ് നേടിയ കോലിയുമൊഴികെ എല്ലാവരും അമ്പേ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യയുടെ ഇന്നിങ്‌സ് 79 ല്‍ അവസാനിച്ചു. 
 
രണ്ടായിരത്തില്‍ നടന്ന ഐസിസി നോക്കൗട്ട് ടൂര്‍ണമെന്റിലും ഇന്ത്യയ്ക്ക് പ്രഹരമേല്‍പ്പിച്ചത് ഇതേ കിവീസ്. നയറോബിയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍ ന്യൂസിലന്‍ഡ് ആയിരുന്നു. ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വപ്‌ന സമാനമായ തുടക്കംയ ആദ്യ വിക്കറ്റ് കൂട്ടുക്കെട്ടില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും ചേര്‍ന്ന് 141 റണ്‍ സ്വന്തമാക്കി. ഒടുവില്‍ 69 റണ്‍സുമായി സച്ചിന്‍ മടങ്ങി. ഗാംഗുലിക്ക് മികച്ച പിന്തുണ നല്‍കാന്‍ മറ്റാര്‍ക്കും കഴിഞ്ഞില്ല. 130 പന്തില്‍ നിന്ന് നാല് സിക്‌സും ഒന്‍പത് ഫോറുമായി ഗാംഗുലി 117 റണ്‍സ് നേടിയെങ്കിലും ഇന്ത്യയുടെ ടോട്ടല്‍ ആറിന് 264 എന്നതായിരുന്നു. 
 
ന്യൂസിലന്‍ഡിന്റെ തുടക്കവും പാളി. ന്യൂസിലന്‍ഡ് 132 ന് അഞ്ച് എന്ന നിലയിലായെങ്കിലും പിന്നീട് ഉയിര്‍ത്തെഴുന്നേറ്റു. ക്രിസ് കൈറന്‍ 102 റണ്‍സുമായി പുറത്താകാതെ നിന്നു. നാല് വിക്കറ്റ് വിജയമാണ് ഒടുവില്‍ കിവീസ് സ്വന്തമാക്കിയത്. 
 
2019 ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തിലാണ് കിവീസ് ഇന്ത്യയെ യഥാര്‍ഥത്തില്‍ കണ്ണീരണിയിച്ചത്. അത്യന്തം നാടകീയമായിരുന്നു ഈ മത്സരം. ടോസ് നേടിയ കിവീസ് ബാറ്റിങ്ങിനിറങ്ങി. മോശം തുടക്കമായിരുന്നു. ന്യൂസിലന്‍ഡിന്റെ ഇന്നിങ്‌സ് എട്ട് വിക്കറ്റിന് 239 എന്ന നിലയില്‍ അവസാനിച്ചു. മഴമൂലം തടസപ്പെട്ട മത്സരം അടുത്ത ദിവസം പുനരാരംഭിക്കുകയായിരുന്നു. നായകന്‍ വിരാട് കോലി അടക്കം അതിവേഗം കൂടാരം കയറിയപ്പോള്‍ ഇന്ത്യ പരാജയം മണത്തു. എന്നാല്‍, രവീന്ദ്ര ജഡേജയുടെ ഒറ്റയാള്‍ പ്രകടനം ഇന്ത്യയ്ക്ക് പ്രതീക്ഷകള്‍ സമ്മാനിച്ചു. എട്ടാമത് ക്രീസിലെത്തിയ ജഡേജ 59 പന്തില്‍ 77 റണ്‍സ് നേടിയെങ്കിലും ഇന്ത്യയെ ജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഇന്ത്യ 221 ന് ഓള്‍ഔട്ടായി. 18 റണ്‍സിന്റെ തോല്‍വി വഴങ്ങി ! 
 
ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ ഏറ്റുമുട്ടുമ്പോള്‍ ഈ മൂന്ന് മത്സരങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള അവസരം കൂടിയാണ് ഇന്ത്യയ്ക്ക് ലഭിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: കിവീസിന്റെ ചിറകരിയുമോ ഇന്ത്യ?