ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 574 റൺസിന് ഡിക്ലയർ ചെയ്‌തു. രവീന്ദ്ര ജഡേജ 175 റൺസെടുത്ത് നിൽക്കവെയാണ് ഇന്ത്യ ഡിക്ലയർ തീരുമാനം നടത്തിയത്.
മത്സരത്തിൽ 228 പന്തിൽ 17 ഫോറും മൂന്നു സിക്സും സഹിതമാണ് ജഡേജ 175 റൺസെടുത്തത്. ഇതോടെ സാക്ഷാൽ കപിൽദേവിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡ് താരം തന്റെ പേരിലാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ ഏഴാമത് പൊസിഷനിൽ ഇറങ്ങി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ എന്ന നേട്ടമാണ് ജഡേജ സ്വന്തമാക്കിയത്. താരത്തിന്റെ ഇരട്ടസെഞ്ചുറി പ്രകടനത്തിന് കാക്കാതെയാണ് ഇന്ത്യ ഡിക്ലയർ തീരുമാനം നടത്തിയത്.
ഏഴാമതായിറങ്ങി 163* ആയിരുന്നു കപിൽ ദേവ് നേടിയത്. ഈ റെക്കോർഡാണ് ജഡേജ തകർത്തത്. ദുർബലരായ ശ്രീലങ്കക്കെതിരെ ഇന്ത്യൻ ടീമിലെ എട്ട് ബാറ്റ്സ്മാന്മാർ 25ലധികം റൺസ് സ്കോർ ചെയ്‌ത മത്സരത്തിൽ ഹനുമാ വിഹാരി,ആർ അശ്വിൻ,റിഷഭ് പന്ത് എന്നിവർ അർധസെഞ്ചുറികൾ സ്വന്തമാക്കി.
ഇന്ത്യൻ ഇന്നിങ്സിൽ അഞ്ചാം വിക്കറ്റ് നഷ്ടമായ ശേഷം മൂന്നു സെഞ്ചുറി കൂട്ടുകെട്ടുകളാണ് പിറന്നത്. എട്ടാം വിക്കറ്റിൽ 103 റൺസാണ് അഡേജ-ഷമി സഖ്യം നേടിയത്. നേരത്തെ അശ്വിനൊപ്പം 130 റൺസും, റിഷഭ് പന്തിനൊപ്പം 104 റൺസ് കൂട്ടുക്കെട്ടും ജഡേജ നേടിയിരുന്നു.