India vs West Indies 1st Test: കരീബിയന്‍ മണ്ണില്‍ ആധിപത്യം ഉറപ്പിച്ച് ഇന്ത്യ; ഒന്നാം ടെസ്റ്റില്‍ മികച്ച നിലയില്‍
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 150 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു
India vs West Indies 1st Test: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ആധിപത്യം ഉറപ്പിച്ച് ഇന്ത്യ. ആദ്യ ദിനം പൂര്‍ത്തിയായപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറില്‍ നിന്ന് വെറും 70 റണ്‍സ് അകലെ മാത്രമാണ് ഇന്ത്യ. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 80 റണ്‍സ് നേടിയിട്ടുണ്ട്. 73 പന്തില്‍ നിന്ന് 40 റണ്‍സുമായി യഷ്വസി ജയ്‌സ്വാളും 65 പന്തില്‍ 30 റണ്‍സുമായി രോഹിത് ശര്‍മയുമാണ് ക്രീസില്‍.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 150 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 99 പന്തില്‍ 47 റണ്‍സ് നേടിയ അലിക് അതനീസ് മാത്രമാണ് വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഇന്ത്യക്ക് വേണ്ടി രവിചന്ദ്രന്‍ അശ്വിന്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. രവീന്ദ്ര ജഡേജ മൂന്നും മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഇന്ത്യന്‍ സമയം രാത്രി 7.30 മുതലാണ് ടെസ്റ്റ് മത്സരത്തിന്റെ തത്സമയ സംപ്രേഷണം. ഡിഡി സ്‌പോര്‍ട്‌സിലും ജിയോ സിനിമാസിലും മത്സരം തത്സമയം കാണാം. രണ്ട് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയില്‍ ഉള്ളത്.