India vs West Indies 1st Test Live Updates: രോഹിത്തിനും ജയ്‌സ്വാളിനും സെഞ്ചുറി; വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍
ഓപ്പണര്‍മാരായ യഷ്വസി ജയ്‌സ്വാളും രോഹിത് ശര്‍മയും ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടി
India vs West Indies 1st Test Live Updates: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മുന്‍തൂക്കം. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ലീഡ് 162 ആയി. വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 150 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.
ഓപ്പണര്‍മാരായ യഷ്വസി ജയ്‌സ്വാളും രോഹിത് ശര്‍മയും ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടി. രോഹിത് 221 പന്തില്‍ പത്ത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 103 റണ്‍സ് നേടി പുറത്തായപ്പോള്‍ അരങ്ങേറ്റക്കാരനായ ജയ്‌സ്വാള്‍ 350 പന്തില്‍ 14 ഫോര്‍ സഹിതം 143 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. 36 റണ്‍സുമായി വിരാട് കോലിയാണ് ജയ്‌സ്വാളിനൊപ്പം ക്രീസില്‍. ശുഭ്മാന്‍ ഗില്ലിന്റെ (11 പന്തില്‍ ആറ്) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി.
രവിചന്ദ്രന്‍ അശ്വിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ 150 റണ്‍സിന് ഓള്‍ഔട്ട് ആക്കിയത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. രണ്ട് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയില്‍ ഉള്ളത്.