India vs West Indies ODI Series: കിരീടം മുകേഷ് കുമാറിന് കൈമാറി ഹാര്‍ദിക് പാണ്ഡ്യ; യുവതാരങ്ങള്‍ക്കായി വഴിമാറി രോഹിത്തും കോലിയും
ഇന്ത്യയുടെ തലമുറ മാറ്റത്തിന്റെ സൂചന നല്‍കുന്നതായിരുന്നു വെസ്റ്റ് ഇന്‍ഡീസ് പരമ്പര
India vs West Indies ODI Series: രണ്ടാം ഏകദിനത്തില്‍ ഒന്ന് പതറിയെങ്കിലും ഭാവിയില്‍ ഇന്ത്യയെ നിരവധി വിജയങ്ങളിലേക്ക് നയിക്കാന്‍ കെല്‍പ്പുള്ള താരങ്ങളാണ് തങ്ങളെന്ന് ഇന്ത്യയുടെ യുവതാരങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും അപ്പുറം ഇന്ത്യന്‍ ടീമിന് ഭാവിയുണ്ടെന്ന് തങ്ങളുടെ പ്രകടനങ്ങളിലൂടെ തെളിയിച്ചിരിക്കുകയാണ് യുവതാരങ്ങള്‍. ഹാര്‍ദിക് പാണ്ഡ്യ നയിച്ച മൂന്നാം ഏകദിനത്തില്‍ 200 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.
ഇന്ത്യയുടെ തലമുറ മാറ്റത്തിന്റെ സൂചന നല്‍കുന്നതായിരുന്നു വെസ്റ്റ് ഇന്‍ഡീസ് പരമ്പര. അവസാന രണ്ട് ഏകദിനങ്ങളിലും വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ബെഞ്ചില്‍ ഇരുന്നു. ഏകദിന കിരീടം ഏറ്റുവാങ്ങുന്ന സമയത്തും ഇരുവരും യുവതാരങ്ങള്‍ക്കായി വഴിമാറുന്ന കാഴ്ചയാണ് കണ്ടത്. ഹാര്‍ദിക് പാണ്ഡ്യയാണ് കിരീടം ഏറ്റുവാങ്ങിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച മുകേഷ് കുമാറിന് ഹാര്‍ദിക് കിരീടം കൈമാറി. മുകേഷ് കുമാറാണ് ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന സമയത്ത് കിരീടം ഉയര്‍ത്തിയത്. ഗ്രൂപ്പ് ഫോട്ടോയില്‍ രോഹിത്തും കോലിയും രണ്ട് വശങ്ങളിലേക്ക് മാറി നിന്നു. അക്ഷരാര്‍ത്ഥത്തില്‍ യുവതാരങ്ങള്‍ക്ക് വേണ്ടി വഴിമാറി കൊടുക്കുകയാണ് ഇരുവരും.
ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, മുകേഷ് കുമാര്‍ എന്നിവരെല്ലാം ഭാവിയില്‍ ഇന്ത്യയുടെ സ്ഥിരം താരങ്ങളാകും. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ പ്രകടനം ഈ യുവതാരങ്ങള്‍ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കുന്നു.