ഏകദിന പരമ്പര കഴിഞ്ഞു, ഇനി ടി20 വെടിക്കെട്ട്, ആദ്യ മത്സരം നാളെ
ആർ അശ്വിൻ ടി20 ടീമിൽ മടങ്ങിയെത്തുന്നതാണ് പരമ്പരയിലെ ഇന്ത്യയുടെ അപ്രതീക്ഷിത നീക്കം.
ഇന്ത്യ- വെസ്റ്റിൻഡീസ് അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയ്ക്ക് നാളെ തുടക്കം. 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര തൂത്തുവാരിയാണ് ഇന്ത്യ ടി20 പരമ്പരയ്ക്ക് എത്തുന്നത്. ടി20 ലോകകപ്പിന് മുൻപുള്ള സീരീസെന്ന നിലയിൽ ടി20 പരമ്പര ഇരു ടീമുകൾക്കും നിർണായകമാണ്. പരമ്പരയിൽ മികച്ച പ്രകടനം നടത്തി വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിൽ സ്ഥാനമുറപ്പിക്കാനായിരിക്കും ഇരുടീമിലെയും കളിക്കാർ ശ്രമിക്കുന്നത്.
ഇന്ത്യൻ സമയം വൈകീട്ട് 8നാണ് നാളെ ആദ്യ ടി20 മത്സരം നടക്കുക. ഡിഡി സ്പോർട്സിൽ മത്സരം തത്സമയം കാണാം. വിരാട് കോലിയും ജസ്പ്രീത് ബുമ്രയും ടി20 സീരീസിലും വിശ്രമത്തിലാണ്. പരമ്പരയ്ക്ക് തൊട്ടുമുൻപ് പരിക്കേറ്റ കെ എൽ രാഹുലിന് പരമ്പര നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ട്. ദീപക് ഹൂഡയും ദിനേഷ് കാർത്തികും ടീമിൽ സ്ഥാനം പിടിച്ചപ്പോൾ ഏകദിന പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ സഞ്ജു സാംസൺ ടീമിലില്ല.
ആർ അശ്വിൻ ടി20 ടീമിൽ മടങ്ങിയെത്തുന്നതാണ് പരമ്പരയിലെ ഇന്ത്യയുടെ അപ്രതീക്ഷിത നീക്കം. അശ്വിനെ ടി20 ലോകകപ്പിലേക്ക് പരിഗണിക്കുന്നുവെന്ന സൂചനയാണ് ഇത് നൽകുന്നത്. പരിക്കേറ്റ ജഡേജയ്ക്ക് പകരം അക്സർ പട്ടേലാകും ടീമിൽ കളിക്കുക. യൂസ്‌വേന്ദ്ര ചാഹലിന് പകരം കുൽദീപ് യാദവാണ് ടീമിൽ കളിക്കുക.
ഇന്ത്യയുടെ സാധ്യതാ ഇലവൻ ഇങ്ങനെ: രോഹിത് ശർമ,ഇഷാൻ കിഷൻ,ദീപക് ഹൂഡ, സൂര്യകുമാർ യാദവ്,റിഷഭ് പന്ത്,ഹാർദ്ദിക് പാണ്ഡ്യ,അക്സർ പട്ടേൽ,ഭുവനേശ്വർ കുമാർ,ഹർഷൽ പട്ടേൽ,കുൽദീപ് യാദവ്,ആർ അശ്വിൻ