ഐസിസി ടൂര്‍ണമെന്റുകളിലെല്ലാം ഇന്ത്യയ്ക്ക് എക്കാലവും വെല്ലുവിളി ഉയര്‍ത്തിയിട്ടുള്ള ടീമാണ് ഓസ്‌ട്രേലിയ. 2003ലെയും 2023ലെയും ഫൈനലുകളില്‍ ഇന്ത്യയെ ഫൈനലുകളില്‍ തോല്‍പ്പിച്ചത് ഓസ്‌ട്രേലിയയായിരുന്നു. ഓസ്‌ട്രേലിയയെ പോലെ തന്നെ ഇന്ത്യയ്ക്ക് ഐസിസി ടൂര്‍ണമെന്റുകളില്‍ വലിയ തിരിച്ചടി തന്നിട്ടുള്ള ടീമാണ് ന്യൂസിലന്‍ഡും. ഇത്തവണ കലാശപോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരായ വിജയം അതിനാല്‍ തന്നെ ഇന്ത്യയ്ക്ക് അനായാസകരമാകില്ല.
ദുബായില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യന്‍ സ്പിന്‍ ബൗളിംഗിനെ നേരിടുക എന്നതായിരിക്കും ന്യൂസിലന്‍ഡ് നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാല്‍ ന്യൂസിലന്‍ഡ് ബാറ്റിംഗ് നിരയില്‍ രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍,ഗ്ലെന്‍ ഫിലിപ്‌സ്, വില്‍ യംഗ് എന്നീ താരങ്ങളെല്ലാം ഫോമിലാണ്. സ്പിന്നര്‍മാരായി ബ്രെയ്‌സ്വെല്‍, ഫിലിപ്‌സ്, സാന്റനര്‍ എന്നിവരുള്ളതും ന്യൂസിലന്‍ഡ് ടീമിന് കരുത്ത് പകരും. ഫൈനലില്‍ ഇന്ത്യയ്ക്ക് വിജയിക്കണമെങ്കില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പ്രകടനമാകും നിര്‍ണായകമാവുക. ഫൈനലില്‍ ടോപ് ഓര്‍ഡര്‍ കൊളാപ്‌സ് ഉണ്ടായാലും ശക്തമായ മധ്യനിരയുണ്ട് എന്നത് ഇന്ത്യയ്ക്ക് കരുത്താകും. പേപ്പറില്‍ സാധ്യത ഇങ്ങനെയെല്ലാമാണെങ്കിലും 2 തവണ ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയ്ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ന്യൂസിലന്‍ഡിന് സാധിച്ചിട്ടുണ്ട്. ഇത്തവണയും ഭാഗ്യം കിവീസിനൊപ്പമാകുമോ എന്ന് കണ്ടറിയേണ്ടതാണ്.