ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് സീസണിന് തുടക്കമാവുകയാണ്. സെപ്റ്റംബര്‍ 19 മുതല്‍ ബംഗ്ലാദേശിനെതിരെ നടക്കുന്ന 2 ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയോടെയാണ് ഇതിന് തുടക്കമാവുന്നത്. പിന്നാലെ ന്യൂസിലന്‍ഡ്,ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരെ ടെസ്റ്റ് പരമ്പരകളും ഇന്ത്യന്‍ ടീം കളിക്കും.
ഇതുവരെ 8 ടെസ്റ്റുകളാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ കളിച്ചത്. ഇതില്‍ ഏഴിലും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. 2015ല്‍ മാത്രമാണ് ഒരു മത്സരം സമനിലയില്‍ പിരിഞ്ഞത്. എന്നാല്‍ ഇത്തവണ പരമ്പരയ്ക്ക് ബംഗ്ലാദേശ് എത്തുന്നത് പാകിസ്ഥാനെ പാക് മണ്ണില്‍ തോല്‍പ്പിച്ച ആത്മവിശ്വസവുമായാണ്. ഇന്ത്യ ബംഗ്ലാദേശിനെതിരെ പരമ്പര നേടുമെങ്കിലും ബംഗ്ലാദേശില്‍ നിന്നും കടുത്ത പോരാട്ടം നേരിടേണ്ടിവരുമെന്നാണ് ഗാംഗുലി വ്യക്തമാക്കുന്നത്.
പാകിസ്ഥാനില്‍ പോയി അവരെ തോല്‍പ്പിക്കുന്നത് എളുപ്പമല്ല. അതിനാല്‍ ബംഗ്ലാദേശ് കളിക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ കളി വ്യത്യസ്തമാണ്. നാട്ടിലായാലും പുറത്തായാലും ഇന്ത്യയെ തോല്‍പ്പിക്കുക എളുപ്പമല്ല. ബംഗ്ലാദേശ് ജയിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഇന്ത്യ പരമ്പര നേടും എന്നാല്‍ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യ കടുപ്പമേറിയ ക്രിക്കറ്റ് പ്രതീക്ഷിക്കണം. ഗാംഗുലി പറഞ്ഞു.