ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 20 മാസക്കാലത്തെ ഇടവേളയ്ക്ക് ശേഷം റിഷഭ് പന്ത് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചു. കെ എല്‍ രാഹുലും ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചപ്പോള്‍ മധ്യനിരയിലെ കരുത്തനായ ശ്രേയസ് അയ്യര്‍ക്കും പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കും ടെസ്റ്റ് ടീമില്‍ ഇടം നേടാനായില്ല. സെപ്റ്റംബര്‍ 19ന് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. രണ്ടാം ടെസ്റ്റ് മത്സരം സെപ്റ്റംബര്‍ 17ന് കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ്.
കഴിഞ്ഞ ഏകദിന ലോകകപ്പിലും നടന്നുകൊണ്ടിരിക്കുന്ന ദുലീപ് ട്രോഫിയിലും മോശമല്ലാത്ത പ്രകടനമാണ് ശ്രേയസ് അയ്യര്‍ കാഴ്ചവെയ്ക്കുന്നത്. ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനായിരിക്കുന്നതിനാല്‍ താരം ടെസ്റ്റ് ടീമില്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല. ടെസ്റ്റ് ക്രിക്കറ്റിലെ അസ്ഥിരമായ പ്രകടനവും 2024ല്‍ ബിസിസിഐ പിണക്കുന്ന സമീപനമുണ്ടായതുമാണ് അയ്യര്‍ക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍.
അതേസമയം മുഹമ്മദ് ഷമി ടെസ്റ്റ് പരമ്പരയിലൂടെ തിരിച്ചെത്തുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും താരം പൂര്‍ണ്ണ കായികക്ഷമത കൈവരിച്ചില്ലെന്നും ഷമി എന്‍സിഎയില്‍ തുടരുകയുമാണെന്നാണ് അറിയുന്നതാണ്. ഇതാണ് ഷമിയുടെ അവസരം നഷ്ടമാക്കിയത്. ഒക്ടോബര്‍ 11ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയില്‍ ഷമി ബംഗാളിനായി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പിന്നാലെ താരം ദേശീയ ടീമില്‍ തിരിച്ചെത്തിയേക്കും.