ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ടി20 പരമ്പര അപൂർവമായ പല സംഭവങ്ങൾക്കുമാണ് സാക്ഷ്യം വഹിക്കുന്നത്. 2 ദിവസങ്ങൾക്ക് മുൻപ് നടന്ന സൂപ്പർ ഓവർ മത്സരത്തിന്റെ ചൂടാറി തീരുന്നതിന് മുൻപാണ് ഇന്ത്യയും കിവീസും തമ്മിലുള്ള നാലാം ടി20യും സൂപ്പർ ഓവറിലേക്ക് നീണ്ടുപോയത്. ആവേശകരമായ നാലാം മത്സരത്തിലും കിവികൾക്കെതിരെ വിജയം സ്വന്തമാക്കാനായപ്പോൾ ഇന്ത്യ പരമ്പരയിൽ 4-0ന് മുൻപിലെത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികൾക്കും 7 വിക്കറ്റ് നഷ്ടത്തിൽ അതേ സ്കോർ തന്നെയാണ് സ്വന്തമാക്കാൻ സാധിച്ചത്. ഇതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടുപോയത്. സൂപ്പര്‍ ഓവറില്‍ ടിം സെയ്‌ഫേര്‍ട്ടും കോളിന്‍ മണ്‍റോയും ചേര്‍ന്നാണ് ന്യൂസിലാന്‍ഡിനായി ബാറ്റിങ്ങിനിറങ്ങിയത്. ഇന്ത്യക്കായി ബൗൾ ചെയ്‌തത് ജസ്‌പ്രീത് ബുമ്രയും.
ആദ്യ പന്ത് തന്നെ പൊക്കിയടിച്ച സെയ്‌ഫേര്‍ട്ട് രണ്ടു റണ്ണെടുത്തു. രണ്ടാമത്തെ പന്തില്‍ ബൗണ്ടറി. മൂന്നാമത്തെ പന്തില്‍ വീണ്ടും രണ്ടു റണ്‍സ്, നാലാം പന്തില്‍ ബുമ്രയെ അതിർത്തികടത്താനുള്ള ശ്രമത്തിൽ സെയ്‌ഫേര്‍ട്ടിനെ വാഷിങ്ടണ്‍ സുന്ദര്‍ പിടികൂടിയതോടെ സൂപ്പർ ഓവറിൽ കിവികൾക്ക് ഒരു വിക്കറ്റ് നഷ്ടപ്പെട്ടു. ഇതോടെ ആദ്യ നാലു പന്തില്‍ കീവീസ് നേടിയത് 1 വിക്കറ്റിന് എട്ടു റണ്‍സ്. അഞ്ചാം പന്തില്‍ മണ്‍റോ ബൗണ്ടറി നേടിയതോടെ സ്കോർ 12 റൺസായി ഉയർന്നു. അവസാന ബോളിൽ കിവീസ് സിംഗിൾ നേടിയപ്പോൾ സൂപ്പർ ഓവറിൽ ഇന്ത്യയുടെ വിജയലക്ഷ്യം ഒരോവറിൽ 14 റൺസ്.
കഴിഞ്ഞ മത്സരത്തിലേത് പോലെ ടിം സൗത്തിയാണ് കിവീസിനായി സൂപ്പര്‍ ഓവര്‍ എറിയാനെത്തിയത്. നായകന്‍ വിരാട് കോലിയും ലോകേഷ് രാഹുലും ഇന്ത്യക്കായി ബാറ്റിങ്ങിനിറങ്ങി. കളിയുടെ ഗതി വ്യക്തമാക്കി ആദ്യ പന്ത് തന്നെ രാഹുല്‍ സിക്‌സർ പറത്തി. ഇതോടെ ഇന്ത്യക്കു അഞ്ചു പന്തില്‍ വേണ്ടത് എട്ടു റണ്‍സ്. രണ്ടാമത്തെ പന്ത് രാഹുൽ ബൗണ്ടറി കണ്ടെത്തിയെങ്കിലും തൊട്ടടുത്ത പന്തിൽ തന്നെ പുറത്ത്. പകരം ക്രീസിലെത്തിയത് മലയാളി താരം സഞ്ജു സാംസൺ. എന്നാൽ ക്രീസിലുണ്ടായിരുന്നത് ഇന്ത്യൻ നായകൻ കോലി. നാലാമത്തെ പന്തില്‍ കോലിയും സഞ്ജുവും ചേർന്നെടുത്തത് രണ്ട് റൺസ്. അഞ്ചാമത്തെ പന്തില്‍ ബൗണ്ടറി പായിച്ച് ഇന്ത്യൻ നായകൻ മത്സരം അവിസ്മരണീയമാക്കി.