ഏകദിന ലോകകപ്പ് ഷെഡ്യൂള്‍ പുറത്തുവന്നതോടെ വലിയ ആവേശത്തിലാണ് ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകര്‍. ടീമുകളുടെ സാധ്യതകളെ പറ്റിയും ടീം സെലക്ഷനെ പറ്റിയുമുള്ള ചര്‍ച്ചകള്‍ ഇതൊടെ സജീവമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പല മുന്‍ താരങ്ങളും ലോകകപ്പ് വിജയികളെ വെളിപ്പെടുത്തിയിട്ടുള്ള പ്രവചനങ്ങളെല്ലാമായി സജീവമാണ്. ഇപ്പോഴിതാ ലോകകപ്പിലെ ഇന്ത്യന്‍ സാധ്യതകളെ പറ്റി ഞെട്ടിക്കുന്ന പ്രവചനം നടത്തിയിരിക്കുകയാണ് ഇതിഹാസതാരമായ സുനില്‍ ഗവാസ്‌കര്‍.
ലോകകപ്പ് ഷെഡ്യൂള്‍ പ്രഖ്യാപന പരിപാടിയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെയാണ് ലോകകപ്പ് ഫേവറേറ്റുകളായി ഓസ്‌ട്രേലിയയെ ഗവാസ്‌കര്‍ തെരെഞ്ഞെടുത്തത്. 2011 ലോകകപ്പിന് ശേഷം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യ ജേതാക്കളാകുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് ഗവാസ്‌കറുടെ പ്രവചനം. ഇന്ത്യ ആദ്യ നാല് സ്ഥാനങ്ങളില്‍ പോലും എത്തില്ലെന്നാണ് ഗവാസ്‌കറിന്റെ പ്രവചനം. ഇംഗ്ലണ്ട് , ഓസ്‌ട്രേലിയ,പാകിസ്ഥാന്‍ ടീമുകള്‍ക്കാണ് ലോകകപ്പില്‍ കൂടുതല്‍ സാധ്യതയുള്ളതെന്നാണ് ഗവാസ്‌കർ പറയുന്നത്.
അതേസമയം സെമിഫൈനലില്‍ പോലും ഇന്ത്യയെത്തില്ലെന്ന തരത്തിലുള്ള ഗവാസ്‌കറിന്റെ പ്രവചനത്തിനെതിരെ ആരാധകര്‍ രംഗത്ത് വന്നിട്ടുണ്ട്. ഒക്ടോബര്‍ 5 മുതല്‍ നവംബർ 19 വരെയാണ് ലോകകപ്പ് നടക്കുക. 10 വേദികളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.