'അങ്ങാടിയില്‍ തോറ്റതിനു അമ്മയോട്'; അംപയര്‍മാരെ കൂക്കിവിളിച്ച് ഇന്ത്യന്‍ ആരാധകര്‍, നാണക്കേട്
മത്സരത്തില്‍ ഒരിടത്ത് പോലും വിവാദമായ കോളുകളൊന്നും അംപയര്‍മാരുടെ പക്കല്‍നിന്ന് ഉണ്ടായിട്ടില്ല
ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ രാജ്യത്തെ നാണംകെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തിനു ശേഷം അംപയര്‍മാര്‍ക്ക് ഉപഹാരം നല്‍കുമ്പോഴാണ് ഇന്ത്യന്‍ കാണികള്‍ മോശം രീതിയില്‍ പെരുമാറിയത്. ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ മത്സരത്തിലെ ഓണ്‍ഫീല്‍ഡ് അംപയര്‍മാരായ റിച്ചാര്‍ഡ് കെറ്റില്‍ബൊറോ, റിച്ചാര്‍ഡ് ഇല്ലിങ് വര്‍ത്ത് എന്നിവരെ പോഡിയത്തിലേക്ക് ക്ഷണിച്ച സമയത്ത് സ്റ്റേഡിയത്തിലെ കാണികള്‍ കൂക്കിവിളിച്ചു.
മത്സരത്തില്‍ ഒരിടത്ത് പോലും വിവാദമായ കോളുകളൊന്നും അംപയര്‍മാരുടെ പക്കല്‍നിന്ന് ഉണ്ടായിട്ടില്ല. എന്നിട്ടും ഇന്ത്യന്‍ കാണികള്‍ അംപയര്‍മാരെ കൂക്കിവിളിച്ചത് മാച്ച് ഒഫിഷ്യല്‍സിനെ അടക്കം ചൊടിപ്പിച്ചു. അംപയര്‍മാര്‍ക്ക് നേരെ ഫൈനലില്‍ തോറ്റതിന്റെ നിരാശ മുഴുവന്‍ പ്രകടമാക്കുകയായിരുന്നു ഇന്ത്യന്‍ ആരാധകര്‍. മാത്രമല്ല ഓസ്‌ട്രേലിയ ലോകകപ്പുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയത്തും ഇന്ത്യന്‍ ആരാധകര്‍ കൂക്കിവിളിച്ചു.
ദേശീയ, അന്തര്‍ ദേശീയ മാധ്യമങ്ങളില്‍ അടക്കം ഇന്ത്യന്‍ ആരാധകരുടെ മോശം പെരുമാറ്റത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇന്ത്യന്‍ ആരാധകര്‍ ലോകകപ്പിന്റെ നിറംകെടുത്തിയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അഹമ്മദബാദ് സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയ ഇന്ത്യന്‍ ആരാധകര്‍ മത്സരം തുടങ്ങി കഴിയുന്നതുവരെ പക്വതയില്ലാതെയാണ് പെരുമാറിയതെന്ന് പലരും ട്വീറ്റ് ചെയ്തിട്ടുണ്ട്.