Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുത്തെങ്ങും ഇന്ത്യന്‍ മധ്യനിര ഇത്ര മോശമായിട്ടില്ല, ഏകദിന ഫോര്‍മാറ്റില്‍ ഗംഭീറിന്റെ പരീക്ഷണങ്ങള്‍ ടീമിനെ കൊല്ലുന്നു

Gambhir, Kohli

അഭിറാം മനോഹർ

, വ്യാഴം, 8 ഓഗസ്റ്റ് 2024 (16:37 IST)
ശ്രീലങ്കന്‍ പരമ്പരയിലെ ഏകദിന പരമ്പരയിൽ ഇന്ത്യന്‍ ടീമിന്റെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരായ വിമര്‍ശനങ്ങള്‍ കടുക്കുന്നു. അവസാന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ 110 റണ്‍സിന്റെ നാണം കെട്ട തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ശ്രീലങ്ക ഉയര്‍ത്തിയ 249 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 26.1 ഓവറില്‍ വെറും 138 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
 
 സ്പിന്‍ ബൗളിങ്ങിനെ നേരിടുന്നതില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പരാജയമാണ് പരമ്പര നഷ്ടമാകുന്നതിന് കാരണമായത്. അടുത്ത വര്‍ഷം പാകിസ്ഥാനില്‍ ചാമ്പ്യന്‍സ് ട്രോഫി നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഏകദിന ഫോര്‍മാറ്റില്‍ ടീമിന്റെ പ്രകടനം ആരാധകരെ ആശങ്കപ്പെടുത്തുന്നതാണ്. ടി20യില്‍ ബൗളിംഗ് പരീക്ഷണങ്ങളും ടീമിലെ ബാറ്റിംഗ് ഓര്‍ഡറില്‍ നടത്തിയ മാറ്റങ്ങളും വിജയമായിരുന്നുവെങ്കിലും ഏകദിനത്തില്‍ ഗംഭീര്‍ നടത്തിയ പരീക്ഷണങ്ങളെല്ലാം തന്നെ തീര്‍ത്തും പരാജയപ്പെട്ടു.
 
 മധ്യനിരയില്‍ ടീമിന്റെ വിശ്വസ്ത താരമായ കെ എല്‍ രാഹുലിനെ ലോവര്‍ ഓര്‍ഡറിലേക്ക് താഴ്ത്തിയതും ശിവം ദുബെയെ പ്രമോട്ട് ചെയ്തതുമെല്ലാം ഒരു തരത്തിലും ടീമിന് ഗുണം ചെയ്തില്ല. ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ നായകന്‍ രോഹിത് ശര്‍മയ്ക്കല്ലാതെ മറ്റാര്‍ക്കും തന്നെ 3 മത്സരങ്ങളിലും തിളങ്ങാനായില്ല. സ്പിന്‍ ബൗളിംഗിന് അനുകൂലമായ പിച്ചില്‍ യാതൊന്നും ചെയ്യാനാവാതെ കുഴങ്ങുന്ന ഇന്ത്യന്‍ മധ്യനിരയെയാണ് പരമ്പരയില്‍ മുഴുവന്‍ കാണാനായത്. അവസാനമത്സരത്തില്‍ മുഹമ്മദ് സിറാജിനെ ഏക പേസറാക്കിയ ഗംഭീറിന്റെ പരീക്ഷണവും പാളിയിരുന്നു.
 
27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീലങ്കക്കെതിരെ ഒരു പരമ്പര ഇന്ത്യ അടിയറവ് വെയ്ക്കുന്നത്. അതും ശ്രീലങ്കയുടെ രണ്ടാം നിര ടീമിനെതിരെയാണ് ഇന്ത്യ തോറ്റതെന്ന് ആരാധകര്‍ വിമര്‍ശിക്കുന്നു. നല്ലരീതിയില്‍ നിന്നിരുന്ന ഇന്ത്യന്‍ മധ്യനിരയില്‍ അനാവശ്യമായ പരീക്ഷണങ്ങളാണ് ഗംഭീര്‍ നടത്തുന്നതെന്നും ഇത് ടീമിന് ദോഷം മാത്രമാണ് ചെയ്യുന്നതെന്നും വിമര്‍ശകര്‍ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2 ലോക ചാമ്പ്യൻഷിപ്പ് വെങ്കലം, ഒളിമ്പിക്‌സിൽ മെഡലില്ലാതെ മനസ്സ് തകർന്നുള്ള മടക്കം, വിനേഷ് ഫോഗട്ടിന്റെ അവിസ്മരണീയമായ കരിയർ