Select Your Language

Notifications

webdunia
webdunia
webdunia
webdunia

Cricket worldcup: ക്രിക്കറ്റ് ദൈവത്തിന്റെ അവസാന ലോകകപ്പ്, 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്കെത്തിയ ലോകകപ്പിന്റെ കഥ

Cricket worldcup: ക്രിക്കറ്റ് ദൈവത്തിന്റെ അവസാന ലോകകപ്പ്, 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്കെത്തിയ ലോകകപ്പിന്റെ കഥ
, ബുധന്‍, 4 ഒക്‌ടോബര്‍ 2023 (19:35 IST)
മഹേന്ദ്ര സിംഗ് ധോനിയുടെ വിജയസിക്‌സര്‍. ആ രാത്രിയെ ഇന്ത്യക്കാര്‍ ഇന്നും ഓര്‍ത്തെടുക്കുന്നത് അങ്ങനെയായിരിക്കും. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസത്തിന്റെ അവസാന ലോകകപ്പ് എന്ന നിലയില്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യ വിജയിക്കുക എന്നത് ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നമായിരുന്നു. 2003ല്‍ തൊട്ടരികില്‍ നഷ്ടമായ കിരീടം സ്വന്തമാക്കാതെ സച്ചിന്‍ വിരമിക്കുകയാണെങ്കില്‍ അത് ലോകം കണ്ട ഏറ്റവും വലിയ ക്രിക്കറ്റ് ജീനിയസിനോട് ചെയ്യുന്ന നീതികേടായേനെ. അതിനാല്‍ തന്നെ ഓരോ ഇന്ത്യക്കാരനും ഏറെ പ്രിയപ്പെട്ടതാണ് 2011ലെ ലോകകപ്പിലെ ഇന്ത്യന്‍ വിജയം.
 
2007ലെ ലോകകപ്പില്‍ ഇന്ത്യയ്ക്ക് അപ്രതീക്ഷിതമായ തോല്‍വി സമ്മാനിച്ച ബംഗ്ലാദേശിനെതിരെയായിരുന്നു ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യമത്സരം. 2007ല്‍ ഏറ്റ മുറിവിന് പകരം വീട്ടുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന്റെ ചുമതല ഏറ്റെടുത്തത് ഇന്ത്യന്‍ ഓപ്പണറായ വിരേന്ദര്‍ സെവാഗായിരുന്നു. താരം നേടിയ 175 റണ്‍സ് പ്രകടനത്തോടെ ഇന്ത്യ വിജയിച്ചുകൊണ്ടാണ് ലോകകപ്പ് യാത്രയ്ക്ക് തുറക്കം കുറിച്ചത്. ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇന്ത്യയുടെ അടുത്ത മത്സരം. സച്ചിന്‍ സെഞ്ചുറിയടിച്ച് തിളങ്ങിയ മത്സരം സമനിലയിലാണ് അവസാനിച്ചത്.
webdunia
 
അയര്‍ലന്‍ഡിനെതിരെ യുവരാജ് എന്ന ബൗളറുടെ ഊഴമായിരുന്നു. പന്ത് കൊണ്ട് യുവരാജ് അയര്‍ലന്‍ഡ് നിരയെ പരീക്ഷിച്ചപ്പോള്‍ 207 റണ്‍സിന് അവരുടെ ഇന്നിങ്ങ്‌സ് അവസാനിച്ചു. അര്‍ധസെഞ്ചുറിയുമായി യുവരാജ് തന്നെയാണ് ആ മത്സരത്തില്‍ ഇന്ത്യയെ ജയിപ്പിച്ചത്. മത്സരത്തില്‍ 5 വിക്കറ്റ് നേടിയ യുവരാജ് ലോകകപ്പില്‍ ഒരു മത്സരത്തില്‍ തന്നെ 5 വിക്കറ്റും അര്‍ധസെഞ്ചുറിയും തികയ്ക്കുന്ന ആദ്യതാരമായി മാറി. നെതര്‍ലന്‍ഡ്‌സിനെതിരെയും 2 വിക്കറ്റുകളും അര്‍ധസെഞ്ചുറിയുമായി യുവി വീണ്ടും തിളങ്ങി.
 
ദക്ഷിണാഫ്രിക്കക്കെതിരായ അടുത്ത മത്സരത്തില്‍ കരിയറിലെ 99മത് സെഞ്ചുറിയുമായി സച്ചിന്‍ ഈണ്ടും കളം നിറഞ്ഞു. മുന്‍നിര തിളങ്ങിയെങ്കിലും ആദ്യ 3 വിക്കറ്റുകള്‍ വീണതോടെ ഡെയ്ല്‍ സ്‌റ്റെയ്‌നിന് മുന്നില്‍ പേരുകേട്ട ഇന്ത്യന്‍ നിര കൂടാരും കയറിയ മത്സരത്തില്‍ ഇന്ത്യ ടൂര്‍ണമെന്റിലെ ആദ്യ തോല്‍വി നേരിട്ടു. വെസ്റ്റിന്‍ഡീസിനെതിരായ അടുത്ത മത്സരത്തില്‍ യുവരാജ് സിംഗിന്റെ സെഞ്ചുറിക്കരുത്തില്‍ ഇന്ത്യ ക്വാര്‍ട്ടറിലേക്ക്.
webdunia
 
ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് എന്നും വിലങ്ങുതടിയായിട്ടുള്ള ഓസ്‌ട്രേലിയയായിരുന്നു ഇത്തവണ എതിരാളികള്‍. റിക്കി പോണ്ടിംഗിന്റെ സെഞ്ചുറിയുടെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 6 വിക്കറ്റിന് 260 റണ്‍സാണ് മത്സരത്തില്‍ നേടിയത്. എന്നല്‍ ആ മത്സരത്തിലും വിജയം നേടി ഇന്ത്യ സെമിയിലേക്ക്. ഇത്തവണ എതിരാളികളായി എത്തിയത് ചിരവൈരികളായ പാകിസ്ഥാന്‍. 29 റണ്‍സകലെ പാകിസ്ഥാന്‍ വീണതൊടെ ഇന്ത്യ ഫൈനലിലേക്ക്. 2003ലെ ലോകകപ്പിന് ശേഷം ഇന്ത്യയ്ക്ക് മറ്റൊരു ഫൈനല്‍ പോരാട്ടം. എതിരാളികളായി വന്നത് അയല്‍ക്കാരായ ശ്രീലങ്കയും.
webdunia
 
ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക സെഞ്ചുറി നേടിയ മഹേല ജയവര്‍ധനയുടെയും 48 റണ്‍സെടുത്ത നായകന്‍ സങ്കക്കാരയുടെയും ബാറ്റിംഗ് മികവില്‍ 274 റണ്‍സാണ് സ്വന്തമാക്കിയത്. ഏകദിനത്തില്‍ മോശമല്ലാത്ത സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് പക്ഷേ 31 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ സെവാഗിന്റെയും സച്ചിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. 2003ലെ ലോകകപ്പ് ഓര്‍മയിലുണ്ടായിരുന്ന പലരും തന്നെ അന്ന് ഇന്ത്യയുടെ തോല്‍വി ഉറപ്പിച്ചെങ്കിലും സച്ചിന്‍ പുറത്തായതോടെ ക്രീസിലെത്തിയ വിരാട് കോലിയുമൊത്ത് ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ഇന്നിങ്ങ്‌സ് കെട്ടിപ്പടുത്തു. 35 റണ്‍സുമായി കോലി പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 114 റണ്‍സിലെത്തിയിരുന്നു. യുവരാജ് സിംഗിന് പകരം ടൂര്‍ണമെന്റില്‍ ബാറ്റിംഗ് കൊണ്ട് അതുവരെ മികവ് പുലര്‍ത്തിയിട്ടില്ലാതിരുന്ന മഹേന്ദ്രസിംഗ് ധോനിയാണ് ആറാമനായി ബാറ്റിംഗിനിറങ്ങിയത്.
 
ഗംഭീര്‍ 97 റണ്‍സും ധോനി 91 റണ്‍സും നേടിയതോടെ മത്സരത്തില്‍ ഇന്ത്യന്‍ വിജയം ഉറപ്പിച്ചു. 48.2 ഓവറില്‍ ധോനി ഇന്ത്യന്‍ വിജയം കുറിച്ച സിക്‌സര്‍ വാങ്കഡെ സ്‌റ്റേഡിയത്തിന് മുകളിലൂടെ പറത്തുമ്പോള്‍ ധോനിയ്‌ക്കൊപ്പം യുവരാജാണ് ക്രീസിലുണ്ടായിരുന്നത്. വിജയത്തോടെ 28 വര്‍ഷത്തെ ഇന്ത്യന്‍ കാത്തിരിപ്പിനും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആദ്യ ലോകകപ്പിനുമുള്ള കാത്തിരിപ്പിനാണ് വിരാമമായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സച്ചിന്റെ റെക്കോര്‍ഡുകള്‍ പലതും കോലി തകര്‍ത്തേക്കാം, പക്ഷേ ലോകകപ്പിലെ നേട്ടങ്ങളില്‍ സച്ചിന്‍ വേറെ ലെവല്‍