ഐപിഎല്‍ മെഗാതാരലേലം അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം എന്ന നിലയിലേക്ക് മാറ്റണമെന്നും ഓരോ ഫ്രാഞ്ചൈസികള്‍ക്കും 8 കളിക്കാരെ വരെ നിലനിര്‍ത്താനുള്ള സ്വാതന്ത്ര്യം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കൂടുതല്‍ ഫ്രാഞ്ചൈസികള്‍. 2025 ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള താരലേലം ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം നില്‍ക്കെയാണ് പുതിയ ആവശ്യങ്ങളുമായി ഫ്രാഞ്ചൈസികള്‍ രംഗത്ത് വന്നിരിക്കുന്നത്.
നിലവില്‍ 3 വര്‍ഷങ്ങളുടെ ഇടവേളയിലാണ് ഐപിഎല്‍ മെഗാ താരലേലം നടത്തുന്നത്. ഇത് 5 വര്‍ഷമാക്കുന്നതോടെ ടീമുകള്‍ക്ക് തുടര്‍ച്ച ലഭിക്കുമെന്നും തുടര്‍ച്ചയായി താരങ്ങള്‍ മാറുന്നത് ടീമിന്റെ തുടര്‍ച്ച നഷ്ടമാക്കുന്നുവെന്നും ടീമുകള്‍ പറയുന്നു. യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതിനും ഈ സമയം ആവശ്യമാണെന്നും ഫ്രാഞ്ചൈസികള്‍ വ്യക്തമാക്കുന്നു. 2008ന് ശേഷം പുതിയ താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഓരോ ടീമുകളും വലിയ സംഖ്യയാണ് ചിലവാക്കുന്നത്. എന്നാല്‍ ഈ താരങ്ങളെ 2-3 സീസണ്‍ കഴിയുമ്പോള്‍ തന്നെ ടീമുകള്‍ക്ക് കൈവിടേണ്ടതായ അവസ്ഥ വരുന്നുണ്ട്.
താരലേലത്തിന് മുന്‍പായി കളിക്കാരുടെ പ്രതിഫലം ചര്‍ച്ച ചെയ്യാനുള്ള സമയം അനുവദിക്കണമെന്നും ചില ഫ്രാഞ്ചൈസികള്‍ക്ക് അഭിപ്രായമുണ്ട്. 2-3 വര്‍ഷം മുന്‍പ് വാങ്ങിയ അതേ തുകയിലാണ് പല താരങ്ങളും ടീമുകള്‍ക്കായി കളിക്കുന്നത്. ഇത് പുതുക്കാന്‍ ഇതിലൂടെ സാധിക്കും. ഇക്കാര്യങ്ങള്‍ സുതാര്യമായി നടത്താന്‍ കഴിയുന്ന സംവിധാനം കൊണ്ടുവരണം. നിലവില്‍ 5 താരങ്ങളെയാണ് ടീമുകള്‍ക്ക് നിലനിര്‍ത്താനാവുക. ആര്‍ടിഎം ഉള്‍പ്പടെയുള്ള ഈ സംഖ്യ എട്ടാക്കി മാറ്റണമെന്നും ടീമുകള്‍ പറയുന്നു.