ടി20 ലോകകപ്പിന് പിന്നാലെ സിംബാബ്വെയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് റിപ്പോര്‍ട്ട്. വിരാട് കോലി,രോഹിത് ശര്‍മ അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ടി20 ക്രിക്കറ്റില്‍ നിന്നും മാറിനില്‍ക്കുമെന്നും ഏകദിന,ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ മാത്രമാകും ഇനി സീനിയര്‍ താരങ്ങള്‍ കളിക്കുക എന്നുമാണ് ബിസിസിഐ വൃത്തങ്ങള്‍ അറിയിക്കുന്നത്.
ടി20 ലോകകപ്പിന് പിന്നാലെ നടക്കുന്ന പര്യടനത്തില്‍ 5 ടി20 മത്സരങ്ങളാണ് ഇന്ത്യന്‍ ടീം കളിക്കുക. ലോകകപ്പില്‍ കളിക്കുന്ന പ്രധാനതാരങ്ങളായ ജസ്പ്രീത് ബുമ്ര,മുഹമ്മദ് സിറാജ്,സൂര്യകുമാര്‍ യാദവ്,ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്ക് സെലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചേക്കും. ഇതോടെ ഐപിഎല്ലില്‍ തിളങ്ങിയ അഭിഷേക് ശര്‍മ,റിയാന്‍ പരാഗ്,നിതീഷ് കുമാര്‍ റെഡ്ഡീ, പേസര്‍ ഹര്‍ഷിത് റാണ തുടങ്ങിയ താരങ്ങള്‍ക്ക് ടീമില്‍ അവസരം ലഭിക്കും.
ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങളായ അഭിഷേക് ശര്‍മ,റിയാന്‍ പരാഗ്,മായങ്ക് യാദവ്,ഹര്‍ഷിത് റാണ,നിതീഷ് കുമാര്‍ റെഡ്ഡി,യാഷ് ദയാല്‍,വിജയ് കുമാര്‍ വൈശാഖ് മുതലായ താരങ്ങളെല്ലാം നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലാണ്. ഇത് സിംബാബ്വെ പര്യടനം മുന്നില്‍ കണ്ടാണ് എന്നാണ് സൂചന. ഐപിഎല്ലില്‍ തിളങ്ങിയ മലയാളി താരം സഞ്ജു സാംസണും സിംബാബ്വെ പര്യടനത്തില്‍ ഇടം പിടിച്ചേക്കും. ജൂലൈ 6 മുതലാണ് ഇന്ത്യ- സിംബാബ്വെ പര്യടനം ആരംഭിക്കുന്നത്. ജൂലൈ 7,10,13,14 തീയതികളിലാണ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍.