ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഈ സീസണിലെ രണ്ടാമത്തെ വിജയം കുറിച്ച രാജസ്ഥാൻ റോയൽസിനെയും നായകൻ സഞ്ജു സാംസണിനെയും പുകഴ്ത്തി ക്രിക്കറ്റ് ലോകം. നായകനെന്ന നിലയിൽ സഞ്ജു ഏറെ മെച്ചപ്പെട്ടതായും ട്രെൻഡ് ബോൾട്ട് അടക്കം മികച്ച താരങ്ങളില്ലാതെ സഞ്ജു മികച്ച രീതിയിൽ തൻ്റെ ബൗളർമാരെ ഉപയോഗിച്ചെന്നും ആരാധകർ പറയുന്നു.
അതേസമയം ടീമിൽ 140 കിലോമീറ്റർ വേഗത സ്ഥിരമായി ക്ലോക്ക് ചെയ്യുന്ന താരങ്ങൾ ഇല്ലാതിരുന്നിട്ടും രാജസ്ഥാൻ ടീം ആധികാരികമായി ചെന്നൈയെ പരാജയപ്പെടുത്തിയതിൽ സഞ്ജുവിൻ്റെ ക്യാപ്റ്റൻസിക്ക് താൻ പത്തിൽ പത്ത് മാർക്കും നൽകുന്നുവെന്ന് ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ അഭിപ്രായപ്പെട്ടു. രാജസ്ഥാൻ നിരയിൽ 140 കിമി വേഗത്തിൽ പന്തെറിയുന്ന ഒരു ബൗളർ പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും ഉയർന്ന കൃത്യതയിൽ അവർ ബൗൾ ചെയ്തു എന്നത് ശ്രദ്ധേയമായ കാര്യമാണ്. സഞ്ജുവിൻ്റെ നായകത്വത്തിൽ പത്തിൽ പത്ത് മാർക്കും നൽകണം. ഇർഫാൻ പത്താൻ പറഞ്ഞു