ധോണി ഇല്ലാത്തത് അറിയാനുണ്ട്; കോഹ്ലി വിരമിക്കാനൊരുങ്ങുന്നു? 3 വർഷം മാത്രം !

ചിപ്പി പീലിപ്പോസ്

ബുധന്‍, 19 ഫെബ്രുവരി 2020 (15:11 IST)
ഇടവേളകൾ ഇല്ലാതെയുള്ള കളികളെ കുറിച്ച് നേരത്തേ പലതവണ തുറന്നടിച്ചിട്ടുള്ള ആളാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ജോലി ഭാരം കൂടുതലാണെന്ന് ഒരിക്കൽ കൂടി ആവർത്തിക്കുകയാണ് താരം. മൂന്ന് വർഷം കൂടി മാത്രമേ മൂന്ന് ഫോർമാറ്റിലും കളിക്കുകയുള്ളു എന്നും അത് കഴിഞ്ഞാൽ ഭവൈകാര്യങ്ങൾ ആലോചിച്ച് ഒരു മാറ്റം ഉണ്ടാകുമെന്നും കോഹ്ലി പറയുന്നു.
 
അടുത്ത 3 വർഷത്തിനുള്ള ഏകദിന, ട്വിന്റി20 ലോകകപ്പുകൾ നേടുക എന്നതാണ് ടീമിന്റെ ലക്ഷ്യമെന്ന് കോഹ്ലി പറയുന്നു. ശേഷം ഏതെങ്കിലും ഒരു ഫോർമാറ്റിൽ നിന്നും വിരമിക്കാനാണ് നായകന്റെ ഇപ്പോഴത്തെ ആലോചന. 
 
ന്യൂസീലൻഡിനെതിരായ രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടങ്ങാനിരിക്കെയാണ് കോഹ്ലി മാധ്യമങ്ങളോട് സംസാരിച്ചത്. വിശ്രമമില്ലാത്ത മത്സരങ്ങൾ ജോലി ഭാരം ഇരട്ടി ആക്കുകയാണെന്നും ഇതെല്ലാം ഇന്ത്യൻ ക്രിക്കറ്റിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളാണെന്നും കോഹ്ലി അഭിപ്രായപ്പെട്ടു. 
 
‘വർഷത്തിൽ 300 ദിവസവും കളിക്കുന്നത് പതിവായിട്ട് ഏതാണ്ട് എട്ടു വർഷമായി. മടുപ്പും ജോലിഭാരവും തീർച്ചയായും എന്നെ ബാധിക്കുന്നുണ്ട്. ടീമിനെ നയിക്കുകയെന്നത് അത്ര ചെറിയ കാര്യമല്ല‘- കോഹ്ലി പറഞ്ഞു. 
 
അതേസമയം, ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്ന ആരാധകർക്ക് ഏറെ ഷോക്കാണ് കോഹ്ലിയുടെ പുതിയ വെളിപ്പെടുത്തൽ. ധോണിയുടെ അഭാവം ടീം ഇന്ത്യയിൽ അറിയാനുണ്ടെന്നും ധോണി പോയതോടെ ഒരു മെന്ററെ ആണ് കോഹ്ലിക്ക് നഷ്ടമായതെന്നും തല ആരാധകർ പറയുന്നു. ധോണി ഉണ്ടായിരുന്നപ്പോൾ കോഹ്ലിക്ക് ഇത്രയധികം ടെൻഷൻ അടിക്കേണ്ടതായി വന്നിരുന്നില്ല. ഇപ്പോൾ തീരുമാനങ്ങൾ തനിച്ച് എടുക്കേണ്ടതും ടീം അംഗങ്ങളെ ഒരുമിച്ച് നിർത്തേണ്ടതും കോഹ്ലിയുടെ മാത്രം ചുമതലയായി മാറിയിരിക്കുകയാണ്. ഒപ്പം, വിശ്രമമില്ലാത്ത മത്സരങ്ങളും ടീമിനേയും കോഹ്ലിയേയും ബുദ്ധിമുട്ടിക്കുന്നുമുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ചാമ്പ്യൻസ് ലീഗ് : ലിവർപൂളിനെ വീഴ്ത്തി അത്‌ലറ്റിക്കോ മാഡ്രിഡ്