Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭയപ്പെടുത്തും, വിറപ്പിക്കും പിന്നെ എറിഞ്ഞിടും; ഇത് കോഹ്‌ലിയുടെ കരുത്ത്, എതിരാളിയുടെ ഭയം!

ishant sharma
കിങ്‌സ്‌റ്റണ് , ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (16:49 IST)
ക്രിക്കറ്റ് ലോകത്തെ ഭയപ്പെടുത്തുകയാണ് ടീം ഇന്ത്യ. ഒരു കാലത്ത് ബാറ്റായിരുന്നു ആയുധമെങ്കില്‍ ഇന്ന് കളിമാറി. ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ്മ‍, മുഹമ്മദ് ഷമി എന്നീ പേസ് ത്രയങ്ങളെ മുന്നില്‍ നിര്‍ത്തിയാണ് വിരാട് കോഹ്‌ലി ഓരോ ഗ്രൌണ്ടില്‍ നിന്നും വിജയിച്ചു കയറുന്നത്.

ഓസീസ് മണ്ണില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു ടെസ്‌റ്റ് പരമ്പര സ്വന്തമാക്കാന്‍ സാധിച്ചത് ബാറ്റിംഗ് കരുത്തരുടെ മികവില്‍ മാത്രമായിരുന്നില്ല. എതിരാളികളുടെ 20 വിക്കറ്റും നേടാന്‍ കഴിവുള്ള ബോളര്‍മാരുടെ പോരാട്ടവീര്യം കൂടി കൈമുതലാക്കിയാണ് ഇന്ത്യ ജയം പിടിച്ചെടുത്തത്.

ലോകക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്ത്യയുടെ കൈവശമാണ്. ഒരു കാലത്ത് ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, വെസ്‌റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ക്ക് മാത്രമായിരുന്ന ആ ബോളിംഗ് കരുത്ത് ഇന്ന് ഇന്ത്യ ആര്‍ജ്ജിച്ചെടുത്തു.

2018നു ശേഷം ബുമ്ര, ഇഷാന്ത്, ഷമി സഖ്യം വീഴ്‌ത്തിയത് 50 വിക്കറ്റുകളാണ്. ഇക്കാലയളവില്‍ ലോകക്രിക്കറ്റില്‍ ഒരേ ടീമില്‍ 50 വിക്കറ്റുകള്‍ തികച്ച് രണ്ടു ബൗളര്‍മാര്‍ പോലുമില്ല. 2018ന് ശേഷം 62 ടെസ്‌റ്റ് വിക്കറ്റുകളാണ് ബുമ്രയുടെ അക്കൗണ്ടിലുള്ളത്. ഇക്കാലയളവില്‍ ഷമി നേടിയത് 58 വിക്കറ്റുകളാണ്. ഇഷാന്ത് 52 വിക്കറ്റുകളാണ് സ്വന്തം പേരില്‍ കുറിച്ചത്.

ഔട്ട് സ്വിങ്ങറുകളും ഇന്‍ സ്വിങ്ങറുകളുമാണ് ബുമ്രയുടെ ആയുധമെങ്കില്‍ കൃത്യതയും ലൈനും ലെഗ്‌തുമാണ് ഷമിയുടെയും ഇഷാന്തിന്റെയും സവിശേഷത. ടെസ്‌റ്റ് ക്രിക്കറ്റില്‍ ഇതു പോലെ നേട്ടമുണ്ടാക്കുന്ന ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് മറ്റൊരു ടീമിനുമില്ല. ഇതു തന്നെയാണ് ഇന്ത്യയുടെ ടെസ്‌റ്റ് വിജയങ്ങള്‍ക്ക് കാരണമാകുന്നതും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രിക്കറ്റ് ലോകം പ്രതീക്ഷിച്ചത് സംഭവിച്ചു; കോഹ്‌ലിയെ ‘പുറത്താക്കി’ സ്‌മിത്ത് - ഇതാണ് തിരിച്ചുവരവ്