ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്മാർക്കിടയിലാണ് മഹേന്ദ്രസിംഗ് ധോണിയുടെ സ്ഥാനം. ഇന്ത്യയെ ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീം ആക്കുന്നതിൽ ധോണി വഹിച്ച പങ്ക് ചില്ലറയല്ല. എന്നാൽ പരിമിത ഓവറുകളിൽ നായകൻ എന്ന നിലയിൽ മികച്ച നേട്ടങ്ങൾ കൊയ്യുമ്പോഴും ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച ക്യാപ്റ്റൻസി കാഴ്ചവെക്കുവാൻ ധോണിക്കായിരുന്നില്ല. ഇത് എന്തുകൊണ്ടെന്ന് വിശദീകരിക്കുകയാണ് ഇന്ത്യൻ സീനിയർ പേസറായ ഇഷാന്ത് ശർമ്മ.
ധോണി ടെസ്റ്റ് നായകനായിരുന്ന കാലത്ത് ഇന്ത്യൻ ടീമിലെ പല താരങ്ങൾക്കും കാര്യമായ പരിചയസമ്പത്തുണ്ടായിരുന്നില്ലെന്ന് ഇഷാന്ത് പറയുന്നു. കൂടാതെ ബൗളർമാരെ റൊട്ടേറ്റ് ചെയ്തിരുന്നതും ബൗളർമാരുടെ പ്രകടനസ്ഥിരത നഷ്ടപ്പെടുത്തുന്നതിനിടയാക്കി. ഇന്ന് ടീമിൽ മൂന്നോ നാലോ പേരുള്ള ഒരു ഫാസ്റ്റ് ബൗളിങ് സംഘമാണുള്ളത്. അതുകൊണ്ട് തന്നെ ബൗളർമാർ തമ്മിലുള്ള പരസ്പരധാരണ വളരെയധികം മെച്ചപ്പെട്ടു. പക്ഷേ ധോണി നായകനായിരുന്ന സമയത്ത് ടീമിൽ 6,7 ബൗളർമാരുണ്ടായിരുന്നെന്നും ഇത് ബൗളർമാർ തമ്മിലുള്ള പരസ്പരധാരണകുറക്കുന്നതിന് കാരണമായെന്നും ഇഷാന്ത് കൂട്ടിച്ചേർത്തു.