എനിക്ക് സ്വയം അഭിമാനം തോന്നുന്നു, എല്ലാവര്‍ക്കും നന്ദി; വൈകാരിക പ്രതികരണവുമായി യഷ്വസി ജയ്‌സ്വാള്‍
ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുകയെന്നത് വളരെ പ്രയാസപ്പെട്ട കാര്യമാണെന്നും അതുകൊണ്ട് തന്നെ ഈ ഇന്നിങ്‌സ് തനിക്ക് വളരെ വൈകാരികമായി തോന്നുന്നെന്നും ജയ്‌സ്വാള്‍ പറഞ്ഞു
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയതിനു പിന്നാലെ വൈകാരിക പ്രതികരണവുമായി യഷ്വസി ജയ്‌സ്വാള്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 350 പന്തില്‍ നിന്ന് 143 റണ്‍സുമായി ജയ്‌സ്വാള്‍ പുറത്താകാതെ നില്‍ക്കുകയാണ്. ജയ്‌സ്വാളിന്റെ അരങ്ങേറ്റ മത്സരമാണ് ഇത്. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ തന്നെ സെഞ്ചുറി നേടി അപൂര്‍വ നേട്ടം കൈവരിച്ചിരിക്കുകയാണ് താരം.
ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുകയെന്നത് വളരെ പ്രയാസപ്പെട്ട കാര്യമാണെന്നും അതുകൊണ്ട് തന്നെ ഈ ഇന്നിങ്‌സ് തനിക്ക് വളരെ വൈകാരികമായി തോന്നുന്നെന്നും ജയ്‌സ്വാള്‍ പറഞ്ഞു. തന്നെ പിന്തുണച്ചവര്‍ക്കും ടീം മാനേജ്‌മെന്റിനും നായകന്‍ രോഹിത് ശര്‍മയ്ക്കും മറ്റെല്ലാവര്‍ക്കും നന്ദി പറയുന്നു. പിച്ച് വളരെ വേഗത കുറഞ്ഞതായിരുന്നു. ഇവിടെ കളിക്കുകയെന്നത് ഏറെ പ്രയാസപ്പെട്ടതും വെല്ലുവിളി ഉയര്‍ത്തുന്നതുമാണ്. പക്ഷേ രാജ്യത്തിന് വേണ്ടി ഇത് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റിനേയും അതിന്റെ വെല്ലുവിളികളേയും ഞാന്‍ ഇഷ്ടപ്പെടുന്നു. ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുകയായിരുന്നു. ഇതൊരു തുടക്കം മാത്രമാണ്. ഭാവിയില്‍ ഇത് തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു - ജയ്‌സ്വാള്‍ പറഞ്ഞു.
രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായാണ് ജയ്‌സ്വാള്‍ ക്രീസിലെത്തിയത്. ലെഫ്റ്റ് - റൈറ്റ് കോംബിനേഷന് വേണ്ടിയാണ് ശുഭ്മാന്‍ ഗില്ലിനെ മൂന്നാം നമ്പറിലേക്ക് ഇറക്കി ജയ്‌സ്വാളിനെ ഓപ്പണറാക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്.