Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 1 April 2025
webdunia

ജയ്‌സ്വാളും ജുറലും കഴിഞ്ഞ കൊല്ലത്തെ പിള്ളേരല്ല, രാജസ്ഥാന്റെ സ്റ്റാര്‍ വാല്യൂവില്‍ കുത്തനെ ഉയര്‍ച്ച

Jaiswal

അഭിറാം മനോഹർ

, ബുധന്‍, 28 ഫെബ്രുവരി 2024 (20:40 IST)
ഐപിഎല്‍ ആവേശത്തിന് തുടക്കമാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇരട്ടി സന്തോഷത്തിലാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ സീസണിലൊന്നും തന്നെ വമ്പന്‍ ഇന്ത്യന്‍ താരങ്ങളില്ലാതെയായിരുന്നു രാജസ്ഥാന്‍ കളിച്ചിരുന്നതെങ്കില്‍ ഒരൊറ്റ വര്‍ഷത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ സീന്‍ തന്നെ ആകെ മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം രാജസ്ഥാന്റെ ഇന്ത്യന്‍ താരങ്ങളില്‍ പ്രധാനി സഞ്ജു സാംസണ്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത് യശ്വസി ജയ്‌സ്വാളും ധ്രുവ് ജുറലുമെല്ലാമാണ്.
 
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം തുടരുന്ന യശ്വസി ജയ്‌സ്വാള്‍ കഴിഞ്ഞ സീസണില്‍ രാജസ്ഥാന്റെ പ്രധാനതാരങ്ങളില്‍ ഒരാളായിരുന്നു. ഇക്കുറി സ്റ്റാര്‍ വാല്യൂവിന്റെ കാര്യത്തില്‍ സഞ്ജുവിനും മുകളിലാണ് ജയ്‌സ്വാള്‍. അതിനാല്‍ തന്നെ രാജസ്ഥാന്റെ ആരാധക പിന്തുണയിലും ജയ്‌സ്വാള്‍ ഫാക്ടര്‍ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. ജോസ് ബട്ട്‌ലര്‍ കൂടി ഫോമിലാണെങ്കില്‍ ഓപ്പണിംഗില്‍ സംഹാരം തന്നെയാകും രാജസ്ഥാന്‍ ഇക്കുറി നടത്തുക.
 
മുന്‍പ് ജോസ് ബട്ട്‌ലറെയായിരുന്നു എതിരാളികള്‍ക്ക് ഏറ്റവും പേടിയെങ്കില്‍ ഇത്തവണ ജയ്‌സ്വാളും എതിരാളികളെ വിറപ്പിക്കുമെന്ന് ഉറപ്പാണ്. ടി20 ലോകകപ്പ് ജൂണില്‍ നടക്കാനിരിക്കെ സഞ്ജു സാംസണും മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മധ്യനിരയില്‍ ജുറലും ഹെറ്റ്‌മെയറും കൂടി എത്തുന്നതോടെ ബാറ്റിംഗില്‍ കരുത്തരാണ് ഇക്കുറി റോയല്‍സ്.
 
ട്രെന്‍ഡ് ബോള്‍ട്ട് നയിക്കുന്ന പേസ് നിരയില്‍ ആവേശ് ഖാനും കുല്‍ദീപ് സെന്നും പ്രസിദ്ധ് കൃഷ്ണയും ഒപ്പം ദക്ഷിണാഫ്രിക്കന്‍ പേസര്‍ നാന്ദ്രെ ബര്‍ഗറുമാണുള്ളത്. സ്പിന്നര്‍മാരായി അശ്വിനും ചഹലും ചേരുമ്പോള്‍ ബൗളിംഗിലും ഒരു കൈ നോക്കാന്‍ റോയല്‍സിന് ഇത്തവണ സാധിക്കും. എന്നാല്‍ മാക്‌സ്വെല്ലിനെ പോലെ ഒരു ഓള്‍ റൗണ്ട് താരത്തിന്റെ അഭാവമാകും ഐപിഎല്ലില്‍ രാജസ്ഥാന് തിരിച്ചടിയാവുക. ആ പ്രശ്‌നം കൈകാര്യം ചെയ്യാമെങ്കില്‍ ഇത്തവണ ഐപിഎല്‍ കിരീടമെന്നത് രാജസ്ഥാന് വെറും സ്വപ്നം മാത്രമാവുകയില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാട്ടീദാർ പുറത്താകും, പകരമെത്തുക മലയാളി താരം, അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം