ഇന്ത്യന്‍ താരം ഇഷാന്‍ കിഷന്‍ രഞ്ജി കളിക്കാനായി ഇതുവരെയും ബന്ധപ്പെട്ടിട്ടില്ലെന്ന് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍. ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ദെബാശിഷ് ചക്രവര്‍ത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇഷാന്‍ ഇതുവരെ തങ്ങളുമായി ബന്ധപ്പെടുകയോ രഞ്ജി ട്രോഫിയ്ക്കുള്ള ടീമില്‍ ഉണ്ടാകുമെന്നോ അറിയിച്ചിട്ടില്ല. അങ്ങനെ അറിയിക്കുകയാണെങ്കില്‍ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തും. ദെബാശിഷ് ചക്രവര്‍ത്തി പറഞ്ഞു.
നേരത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ മാനസികാരോഗ്യം ചൂണ്ടികാണിച്ചുകൊണ്ട് ഇഷാന്‍ പിന്മാറിയിരുന്നു. ടീമിനൊപ്പം ഒരു വര്‍ഷക്കാലമായുള്ള നിരന്തരമായ യാത്രകളും സ്ഥിരമായി ടീമില്‍ സ്ഥാനമില്ലാത്തതും മാനസികമായി തന്നെ ക്ഷീണിതനാക്കിയെന്ന് കാണിച്ചാണ് താരം ടീം മാനേജ്‌മെന്റിനോട് വിശ്രമം ആവശ്യപ്പെട്ടത്. പിന്നാലെ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ നിന്നും താരത്തെ ഒഴിവാക്കിയിരുന്നു. ഇഷാന്‍ കിഷന്റെ അസാന്നിധ്യത്തില്‍ ജിതേഷ് ശര്‍മയെയും സഞ്ജു സാംസണിനെയുമാണ് ടീം വിക്കറ്റ് കീപ്പര്‍മാരായി ടീമിലെടുത്തത്.
ഇതോടെ ഇഷാനെ അച്ചടക്കനടപടിയുടെ ഭാഗമായാണ് ടീമില്‍ ഉള്‍പ്പെടുത്താത്തതെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. മാനസികമായ ക്ഷീണം ചൂണ്ടികാണിച്ചുകൊണ്ട് ടീമില്‍ നിന്നും പിന്മാറിയ ഇഷാന്‍ കിഷന്‍ ദുബായില്‍ പാര്‍ട്ടിയിലും പിന്നീട് സ്വകാര്യപരിപാടികളിലും പങ്കെടുത്തിരുന്നു. ഇതില്‍ ബിസിസിഐയ്ക്ക് അതൃപ്തിയുണ്ടായതിനെ തുടര്‍ന്നാണ് ഇഷാനെ അഫ്ഗാന്‍ പരമ്പരയില്‍ മാറ്റിനിര്‍ത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്.