ഐസിസി പുരുഷ ക്രിക്കറ്റര്‍ക്കുള്ള സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് അവാര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര. 2024ല്‍ ക്രിക്കറ്റിന്റെ വിവിധ ഫോര്‍മാറ്റുകളില്‍ നടത്തിയ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ പേസറെന്ന നേട്ടവും ബുമ്ര സ്വന്തമാക്കി. പോയ വര്‍ഷത്തെ ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി തെരെഞ്ഞെടുക്കപ്പെട്ടതും ബുമ്ര തന്നെയായിരുന്നു.
ജോ റൂട്ട്, ട്രാവിസ് ഹെഡ്, ഹാരി ബ്രൂക്ക് എന്നിവരെ മറികടന്നാണ് ബുമ്രയുടെ നേട്ടം. ഐസിസിയുടെ ഈ പുരസ്‌കാരം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ബുമ്ര. 2004ല്‍ രാഹുല്‍ ദ്രാവിഡ്, 2010ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, 2016ല്‍ രവിചന്ദ്രന്‍ അശ്വിന്‍, 2017,2018 വര്‍ഷങ്ങളില്‍ വിരാട് കോലി എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍.