ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലേറ്റ പരിക്കിനെ പറ്റി പ്രതികരണവുമായി ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര. രോഹിത് ശര്‍മ മോശം ഫോമിനെ തുടര്‍ന്ന് അവസാന ടെസ്റ്റില്‍ മാറിനിന്നതോടെ ബുമ്രയായിരുന്നു അഞ്ചാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകനായത്. എന്നാൽ മത്സരത്തിനിടെ പരിക്കിന്റെ പിടിയിലായ ബുമ്രയ്ക്ക് രണ്ടാം ഇന്നിങ്ങ്‌സില്‍ പന്തെറിയാന്‍ സാധിച്ചിരുന്നില്ല. പരമ്പരയിലെ അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 32 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. സീരീസിലെ താരമായി തിരെഞ്ഞെടുത്തതും ജസ്പ്രീത് ബുമ്രയെ തന്നെയായിരുന്നു.
ചില സമയങ്ങളില്‍ നിങ്ങളുടെ ശരീരത്തെ നിങ്ങള്‍ ബഹുമാനിക്കേണ്ടതുണ്ട്. ശരീരത്തിനോട് യുദ്ധം ചെയ്യാന്‍ നിങ്ങള്‍ക്കാകില്ല. 21കാരനായ താരം മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരം ഏറ്റുവാങ്ങികൊണ്ട് താരം പറഞ്ഞു. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ 6 വിക്കറ്റിനായിരുന്നു ഓസീസ് വിജയം. 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഓസീസ് സ്വന്തമാക്കിയത്. സിഡ്‌നിയിലെ പരാജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ പ്രതീക്ഷകളെല്ലാം തന്നെ അവസാനിച്ചു.