2023ലെ ഏകദിന ലോകകപ്പിലെ ജേതാക്കള്‍ ആരാകുമെന്ന് പ്രവചിച്ച് ഇതിഹാസ താരം ജോണ്ടി റോഡ്‌സ്. നാട്ടില്‍ വെച്ച് നടക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. അതിനാല്‍ തന്നെ ഇന്ത്യയെ ടൂര്‍ണമെന്റിലെ ഫേവറേറ്റുകളാക്കി കണക്കാക്കുന്നവര്‍ അനവധിയാണ്. ഇതേ അഭിപ്രായമാണ് ജോണ്ടി റോഡ്‌സും പറയുന്നത്. ഇന്ത്യയുടെ ഷെല്‍ഫിലേക്ക് മറ്റൊരു ലോകകപ്പ് കൂടിചേര്‍ക്കാന്‍ ഇന്ത്യയ്ക്ക് വലിയ അവസരമുണ്ടെന്നാണ് ജോണ്ടി റോഡ്‌സിന്റെ അഭിപ്രായം.
അതേസമയം രോഹിത് ശര്‍മ, വിരാട് കോലി എന്നീ സീനിയര്‍ താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളും അണിനിരക്കുന്ന ഇന്ത്യന്‍ ടീം ശക്തമാണ്. സൂര്യകുമാര്‍ യാദവിനൊപ്പം ശ്രേയസ് അയ്യരും കെ എല്‍ രാഹുലും പരിക്കില്‍ നിന്നും മോചിതരാകുമെങ്കില്‍ ബാറ്റിംഗ് നില ശക്തമാകും. കൂടാതെ ഹാര്‍ദ്ദിക് പാണ്ഡ്യ,രവീന്ദ്ര ജഡേജ,അക്‌സര്‍ പട്ടേല്‍ എന്നീ ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യവും ഇന്ത്യയ്ക്ക് കരുത്താകും. ബൗളിംഗില്‍ ജസ്പ്രീത് ബുമ്ര മടങ്ങിയെത്തുകയാണെങ്കില്‍ മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ്,ബുമ്ര എന്നിവരാകും ഇന്ത്യന്‍ പേസ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കുക.
അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം പരിക്കില്‍ നിന്നും മോചിതരായെത്തുന്ന താരങ്ങളെയാണ് ഇന്ത്യ അണിനിരത്തുന്നതെങ്കില്‍ അത് മറ്റൊരു തരത്തില്‍ ടീമിന് തിരിച്ചടിയാകും. ലോകകപ്പിന് മുന്‍പ് നടക്കുന്ന ഏഷ്യാകപ്പോടെ ഈ താരങ്ങള്‍ ടീമില്‍ തിരിച്ചെത്തുകയും താളം വീണ്ടെടുക്കുകയും ചെയ്യേണ്ടതുണ്ട്. ഇല്ലെങ്കില്‍ വലിയ ദുരന്തമാകും ലോകകപ്പില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്.