ടി20 ലോകകപ്പ് ആരംഭിച്ച് ഇത്രയും മത്സരങ്ങൾ അവസാനിക്കുമ്പോൾ യുഎഇയിലെ വേദികളെ പറ്റി ഉയരുന്ന പൊതുവായ പരാതിയാണ് ടോസ് കിട്ടുന്ന ടീം വിജയിക്കുന്ന ആദ്യം ബാറ്റ് ചെയ്യുന്നത് പ്രയാസകരമായ പിച്ചുകളാണ് ടൂർണമെന്റിൽ ഉള്ളതെന്ന്. ഈ ആരോപണങ്ങളെ ശരിവെയ്ക്കുന്നതായിരുന്നു ഇംഗ്ലണ്ട് ശ്രീലങ്ക മത്സരത്തിലെ ആദ്യപത്ത് ഓവറുകൾ.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ വിക്കറ്റുകൾ നഷ്ടമായി. ഒരു ഘട്ടത്തിൽ 35 റൺസിന് 3 വിക്കറ്റുകൾ നഷ്ടമായ ഇംഗ്ലണ്ട് പത്ത് ഓവറുകൾ പൂർത്തിയാക്കുമ്പോൾ സ്കോർ ബോർഡിൽ ചേർത്തത് വെറും 47 റൺസ് മാത്രം.കഴിഞ്ഞ മത്സരത്തിലെ ഇന്ത്യൻ സ്കോറിന് സമാനമായ നിലയിൽ നിന്നും പക്ഷേ മത്സരം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് അവസാന പത്ത് ഓവറുകളിൽ ചേർക്കുന്നത് 116 റൺസുകൾ.
45 പന്തുകളിൽ നിന്ന് അർധസെഞ്ചുറി നേടി തന്റെ ടി20 കരിയറിലെ ഏറ്റവും വേഗത കുറഞ്ഞ അർധസെഞ്ചുറികളിൽ ഒന്ന് നേടിയ ജോസ് ബട്ട്‌ലർ ടോപ് ഗിയറിലേക്കെത്തുന്നതാണ് പിന്നീട് ഷാർജ കാണുന്നത്. ഒരുപക്ഷേ ഇന്ത്യയടക്കമുള്ള എല്ലാ രാജ്യങ്ങൾക്കും പാഠപുസ്‌തകമാക്കി മാറ്റാവുന്ന ഇന്നിങ്സിൽ അവസാന 22 ബോളിൽ നിന്നും അടിച്ചെടുക്കുന്നത് വിലപ്പെട്ട 50 റൺസുകളാണ്.
ഫോമിലല്ലാത്ത മോർഗനിൽ നിന്നും പിന്തുണ ലഭിച്ചപ്പോൾ ആദ്യപകുതിയിൽ നിന്നും വ്യത്യസ്‌തമായ അപകടം വിതയ്ക്കുന്ന സത്വമാവാൻ ബട്ട്‌ലർക്ക് സാധിച്ചു.20-ാം ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി നേടിക്കൊണ്ട് ബട്‌ലര്‍ ടീം സ്‌കോര്‍ 150 കടത്തിയ ബട്ട്‌ലർ മത്സരത്തിലെ അവസാന പന്തിൽ തനിക്കർഹതപ്പെട്ട സെഞ്ചുറിയും പൂർത്തിയാക്കിയാണ് മത്സരം അവസാനിപ്പിച്ചത്.
ഇതോടെ ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി എന്ന നേട്ടം ജോസ് ബട്ട്‌ലർ കുറിച്ചു. ടി20യിൽ ബട്ട്‌ലർ ഇംഗ്ലണ്ടിനായി നേടുന്ന ആദ്യ സെഞ്ചുറി കൂടിയാണിത്. മത്സരത്തിന്റെ അവസാന 10 ഓവറിൽ 116 റൺസാണ് ഇംഗ്ലണ്ട് ബാറ്റർമാർ അടിച്ചെടുത്തത്. ശ്രീലങ്കയ്ക്കായി വാനിന്ദു ഹസാരങ്ക 4 ഓവറിൽ 20 റൺസ് വഴങ്ങി 3 വിക്കറ്റും ദുഷ്മന്ത ചമീര 4 ഓവറിൽ 43 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.