കഴിഞ്ഞ 12 വർഷവും എട്ട് മാസവും സെവാഗ് തനിച്ചായിരുന്നു; ഇപ്പോഴോ ? - വീരുവിന്റെ ട്വീറ്റ് വൈറലാകുന്നു!
സെവാഗ് വര്‍ഷങ്ങളായി തനിച്ചായിരുന്നു; ഇപ്പോഴാണ് കൂട്ടിന് ഒരാള്‍ എത്തിയത്
ചെന്നൈ ടെസ്‌റ്റില്‍ ഇംഗ്ലണ്ടിനെതിരെ ട്രിപ്പിൾ സെഞ്ചുറി നേടിയ കരുൺ നായരെ ട്രിപ്പിൾ സെഞ്ചുറി ക്ലബിലേക്ക് സ്വാഗതം ചെയ്‌ത് വീരേന്ദർ സെവാഗ്. കഴിഞ്ഞ 12 വർഷവും എട്ട് മാസവുമായി താൻ തനിച്ചായിരുന്നുവെന്നും ഇത് ഏകാന്തത അനുഭവപ്പെടുത്തിയെന്നുമായിരുന്നു വീരുവിന്റെ ട്വീറ്റ്.
കരുണിന് എല്ലാ ആശംസകളും നേരുന്നുവെന്നും ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണറുടെ ട്വീറ്റിലുണ്ട്.
ടെസ്‌റ്റില്‍ സേവാഗ് മാത്രമായിരുന്നു ഇന്ത്യക്കാരിൽ ട്രിപ്പിൾ സെഞ്ചുറി നേടിയിട്ടുള്ള ബാറ്റ്സ്മാൻ. രണ്ടു തവണ നേട്ടം സ്വന്തമാക്കിയ സേവാഗിനൊപ്പം മറ്റൊരു ഇന്ത്യക്കാരന്റെ പേര് കൂടി കരുണ്‍ നായരിലൂടെ റെക്കോര്‍ഡ് ബുക്കിൽ സ്‌ഥാനം പിടിച്ചിരിക്കുകയാണ്.
381 പന്തില്‍ നിന്നാണ് കരുണ്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയത്. 32 ഫോറും നാല് സിക്‌സും സഹിതമാണ് കരുണിന്റെ ത്രിപ്പിള്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ സെഞ്ചുറി തന്നെ ട്രിപ്പിള്‍ അടിക്കുന്ന മൂന്നാമത്തെ താരമാണ് കരുണ്‍. നേരത്തെ 306 പന്തില്‍ 23 ഫോറും ഒരു സിക്‌സും സഹിതമാണ് കരുണ്‍ ഡബിള്‍ സെഞ്ചുറി തികച്ചത്. 185 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതമാണ് കരുണ്‍ സെഞ്ചുറി നേട്ടം. ട്രിപ്പിൾ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ബാറ്റ്സ്മാൻമാരിൽ ആറാമനാണ് ഈ മലയാളി താരം.