ഐപിഎൽ താരലേലത്തിന് പിന്നാലെ പുതിയ സീസണിലേക്കുള്ള നായകനെ പ്രഖ്യാപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. താരലേലത്തിൽ വമ്പൻ തുകയ്ക്ക് സ്വന്തമാക്കിയ ശ്രേയസ് അയ്യരാണ് കൊല്‍ക്കത്തയുടെ പുതിയ നായകന്‍. കഴിഞ്ഞ ആഴ്ച നടന്ന താരലേലത്തില്‍ വാശിയേറിയ ലേലം വിളിക്കൊടുവിൽ 12.25 കോടി രൂപ മുടക്കിയാണ് ശ്രേയസിനെ കൊൽക്കത്ത സ്വന്തമാക്കിയത്.
കൊൽക്കത്ത നായകനാകുന്ന ആറാമത്തെ കളിക്കാരനും നാലാമത്തെ ഇന്ത്യൻ താരവുമാണ് ശ്രേയസ് അയ്യർ.സൗരവ് ഗാംഗുലി, ബ്രെണ്ടന്‍ മക്കല്ലം, ഗൗതം ഗംഭീര്‍, ദിനേശ് കാര്‍ത്തിക്, ഓയിന്‍ മോര്‍ഗന്‍ എന്നിവരാണ് കൊല്‍ക്കത്തയെ മുമ്പ് ഐപിഎല്ലില്‍ നയിച്ചവര്‍. ഇതിൽ ഗംഭീർ രണ്ട് തവണ കൊൽക്കത്തയ്ക്ക് കിരീടം സമ്മാനിച്ച നായകനാണ്.ഓയിന്‍ മോര്‍ഗന് കീഴില്‍ കൊല്‍ക്കത്ത കഴിഞ്ഞ സീസണില്‍ റണ്ണറപ്പുകളായിരുന്നു.
2020ലെ ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഫൈനലിലെത്തിച്ച നായകനാണ് ശ്രേയസ് അയ്യര്‍. കഴിഞ്ഞ സീസണില്‍ പരിക്കിനെത്തുടര്‍ന്ന് അയ്യര്‍ക്ക് ഐപിഎല്ലിന്‍റെ ആദ്യ പകുതി നഷ്ടമായിരുന്നു. ഇതിന് പിന്നാലെ റിഷഭ് പന്തിനെ ഡല്‍ഹി പകരം നായകനാക്കിയിരുന്നു. പിന്നീട് അയ്യര്‍ തിരിച്ചെത്തിയപ്പോഴും പന്ത് തന്നെ നായകനായി തുടരുകയായിരുന്നു.