പന്തിനു 'മേല്‍ക്കൈ', ഇനി രാഹുലോ സഞ്ജുവോ?; ചാംപ്യന്‍സ് ട്രോഫി ടീം ഉടന്‍
രണ്ട് സ്ലോട്ടുകളിലേക്കാണ് ഇപ്പോഴും ചൂടുപിടിച്ച ചര്‍ച്ച നടക്കുന്നത്
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ ഇനിയും വൈകും. വിജയ് ഹസാരെ ട്രോഫിക്കു ശേഷം ജനുവരി 19 നു സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നായിരിക്കും ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുക. അന്നുതന്നെ പ്രഖ്യാപനവും ഉണ്ടാകും. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ വിരാട് കോലി ഉണ്ടാകുമെന്ന് ഉറപ്പായി.
രണ്ട് സ്ലോട്ടുകളിലേക്കാണ് ഇപ്പോഴും ചൂടുപിടിച്ച ചര്‍ച്ച നടക്കുന്നത്. 2023 ഏകദിന ലോകകപ്പിലെ പോലെ കെ.എല്‍.രാഹുലിനെ വിക്കറ്റ് കീപ്പര്‍ ആക്കണമെന്ന് ഒരു വാദം ഉയര്‍ന്നു. എന്നാല്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും പിന്തുണയ്ക്കുന്നത് റിഷഭ് പന്തിനെയാണ്. പ്രധാന വിക്കറ്റ് കീപ്പറായി പന്ത് മതിയെന്നാണ് സെലക്ഷന്‍ കമ്മിറ്റിയിലെ ഭൂരിഭാഗം പേരുടെയും അഭിപ്രായം. അങ്ങനെ വന്നാല്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി രാഹുലിനെ പരിഗണിക്കില്ല. പിന്നീട് വിക്കറ്റ് കീപ്പര്‍ പൊസിഷനിലേക്ക് പരിഗണിക്കപ്പെടുന്ന മൂന്ന് പേര്‍ സഞ്ജു സാംസണ്‍, ധ്രുവ് ജുറല്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ്. ഇതില്‍ ജുറലിനാണ് കൂടുതല്‍ സാധ്യത.
മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നതാണ് ജുറലിനു ഗുണമായത്. രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ടീമില്‍ ഉണ്ടാകുമ്പോള്‍ സഞ്ജുവിന് ഏകദിനത്തില്‍ ഓപ്പണര്‍ സ്ഥാനം ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ല. അതിനാലാണ് ജുറലിനെ പന്തിന്റെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത്. ഇതേ കാരണം തന്നെയാണ് ഇഷാന്‍ കിഷനും തിരിച്ചടിയാകുക.
സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ ഫിറ്റ്നെസ് ആണ് സെലക്ടര്‍മാര്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി. ഫിറ്റ്നെസ് പൂര്‍ണമായി വീണ്ടെടുത്തെങ്കില്‍ പ്രധാന വിക്കറ്റ് കീപ്പറായി കുല്‍ദീപ് അല്ലാതെ മറ്റൊരു ഓപ്ഷന്‍ സെലക്ടര്‍മാര്‍ നോക്കില്ല. അതേസമയം കുല്‍ദീപിനു കളിക്കാന്‍ സാധിക്കാതെ വന്നാല്‍ വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്ണോയിയും ആണ് പരിഗണിക്കപ്പെടുക. വിജയ് ഹസാരെ ട്രോഫിയില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകളാണ് വരുണ്‍ ചക്രവര്‍ത്തി വീഴ്ത്തിയിരിക്കുന്നത്. എന്നാല്‍ ഫീല്‍ഡിങ്ങില്‍ താരം മോശമാണ്. അവിടെയാണ് രവി ബിഷ്ണോയ് ഒരുപടി മുകളില്‍ നില്‍ക്കുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ ആറ് മത്സരങ്ങളില്‍ 3.64 ഇക്കോണമിയില്‍ 14 വിക്കറ്റുകള്‍ വീഴ്ത്തിയ ബിഷ്ണോയ് മികച്ച ഫീല്‍ഡര്‍ കൂടിയാണ്.
സാധ്യത സ്‌ക്വാഡ്: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് / കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ധ്രുവ് ജുറല്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് / രവി ബിഷ്ണോയ്, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി