അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി തിളങ്ങി ഇന്ത്യയുടെ പ്രതിക റാവല്‍. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും പ്രതിക റാവലും ചേര്‍ന്ന് നല്‍കിയത്. 80 പന്തില്‍ 135 റണ്‍സുമായി തകര്‍ത്തടിച്ച സ്മൃതി മന്ദാന മടങ്ങിയെങ്കിലും പ്രതിക ക്രീസില്‍ തന്നെ തുടര്‍ന്ന്. 7 സിക്‌സറുകളുടെയും 12 ബൗണ്ടറികളുടെയും സഹായത്തോടെയായിരുന്നു സ്മൃതിയുടെ സെഞ്ചുറി.
ടീം സ്‌കോര്‍ 233 റണ്‍സില്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും റിച്ച ഘോഷും പ്രതികയും ചേര്‍ന്ന് 104 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 42 പന്തില്‍ 59 റണ്‍സാണ് റിച്ച നേടിയത്. മറ്റ് ബാറ്റര്‍മാര്‍ തകര്‍ത്തടിച്ച് കളിച്ചപ്പോള്‍ ഒരറ്റത്ത് നിലയുറപ്പിച്ചുകൊണ്ടായിരുന്നു പ്രതികയുടെ പ്രകടനം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 141 റണ്‍സുമായി പ്രതിക ക്രീസിലുണ്ട്. 2024ല്‍ അരങ്ങേറിയ ശേഷം മികച്ച പ്രകടനമാണ് ഇന്ത്യയ്ക്കായി താരം നടത്തുന്നത്. സെഞ്ചുറിക്ക് മുന്‍പായി കളിച്ച 5 മത്സരങ്ങളില്‍ നിന്നും 58 റണ്‍സ് ശരാശരിയില്‍ 290 റണ്‍സാണ് താരം അടിച്ചെടുത്തത്. 3 അര്‍ധസെഞ്ചുറികളും ഇത്രയും മത്സരങ്ങളില്‍ നിന്നും താരം സ്വന്തമാക്കിയിരുന്നു 100 ബോളില്‍ നിന്നായിരുന്നു ഏകദിനത്തിലെ കന്നി സെഞ്ചുറി താരം പൂര്‍ത്തിയാക്കിയത്.