ഇഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന് ശേഷം അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്‌ക്കും ഏകദിന പരമ്പരയ്‌ക്കുമുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. അതേസമയം ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡിനരികെയാണ് ഇന്ത്യൻ ബാറ്റ്സ്മാനായ കെഎൽ രാഹുൽ.
മുന്‍ ഇന്ത്യന്‍ താരങ്ങളായ സുരേഷ് റെയ്‌നയും യുവരാജ് സിങ്ങുമാണ് ഇംഗ്ലണ്ടിനെതിരേ ടി20യില്‍ ഇന്ത്യക്കായി കൂടുതല്‍ സിക്‌സര്‍ നേടിയത്. രണ്ടുപേരും 15 സിക്‌സറുകൾ ഇംഗ്ലണ്ടിനെതിരെ നേടിയിട്ടുണ്ട്. നിലവിൽ കളിക്കുന്ന ഇന്ത്യൻ താരങ്ങളിൽ കെഎൽ രാഹുലാണ് ഇവരുടെ റെക്കൊർഡിന് തൊട്ടുപിന്നിലുള്ളത്.
10 സിക്‌സാണ് ഇംഗ്ലണ്ടിനെതിരായ ടി20യില്‍ രാഹുല്‍ നേടിയത്. 44 ടി20 മത്സരങ്ങളിൽ നിന്നും 44.06 എന്ന മികച്ച ശരാശരിയും 144.92 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്കറേറ്റും സ്വന്തമായുള്ള കെഎൽ രാഹുലാണ് റെക്കോർഡ് സ്വന്തമാക്കാൻ ഏറ്റവും സാധ്യതയുള്ള കളിക്കാരൻ.
അതേസമയം 8 സിക്‌സറുകളുമായി ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമയും രാഹുലിന്റെ പിന്നാലെയുണ്ട്. ഇംഗ്ലണ്ടിനെതിരെ 7 സിക്‌സ് നേടിയിട്ടുള്ള നായകൻ വിരാട് കോലിയാണ് രാഹുലിനും രോഹിത്തിനുമൊപ്പം മത്സരത്തിലുള്ള സജീവ താരം.