മുന്‍ ഐപിഎല്‍ ടീമായ കൊച്ചി ടസ്കേഴ്സ് താന്‍ ഉള്‍പ്പടെ പല താരങ്ങളുടെയും ശമ്പളം ഇനിയും നല്‍കിയിട്ടില്ലെന്ന് എസ് ശ്രീശാന്ത്. മുന്‍പ് ഐപിഎല്ലില്‍ കൊച്ചി ടസ്കേഴ്സിന്റെ ഭാഗമായിരുന്നു ഇന്ത്യന്‍ പേസറായ എസ് ശ്രീശാന്ത്. യൂട്യൂബിലെ ദ രണ്‍വീര്‍ ഷോ എന്ന അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീശാന്ത്.
അവര്‍ ധാരാളം പണം നല്‍കാനുണ്ട്. ഇപ്പോഴും പണം നല്‍കിയിട്ടില്ല. സംശയമുള്ളവര്‍ക്ക് ഇക്കാര്യം മുത്തയ്യ മുരളീധരന്,മഹേല ജയവര്‍ദ്ധനെ എന്നിവരോട് ചോദിക്കാം. നിങ്ങളുടെ ഷോയില്‍ അവര്‍ നിങ്ങളോട് പറയും പണം ലഭിക്കാനുണ്ടെന്ന്. അന്ന് മക്കല്ലവും രവീന്ദ്ര ജഡേജയും ആ ടീമില്‍ ഉണ്ടായിരുന്നു. ബിസിസിഐ അവര്‍ക്ക് ലഭിക്കാനുള്ള പണം നല്‍കിയിരുന്നു. എന്നാല്‍ അവര്‍ ആ പണം കളിക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ഉപയോഗിച്ചില്ല. എന്റെ കുട്ടികള്‍ വിവാഹിതരാകുമ്പോഴേക്ക് ഞങ്ങള്‍ക്ക് ആ പണം ലഭിക്കുമെന്ന് തോന്നുന്നു. ആ ടീം മൂന്ന് വര്‍ഷം ഉണ്ടാകേണ്ടിയിരുന്ന ടീമാണ്. എന്നാല്‍ ആദ്യവര്‍ഷം തന്നെ പിരിച്ചുവിട്ടു. അതിനെ പറ്റി അധികം ചര്‍ച്ചകള്‍ ഉണ്ടായില്ല. എന്നാല്‍ ഇപ്പോഴും ഞങ്ങള്‍ പലരും കണ്ടുമുട്ടുമ്പോള്‍ അതിനെ പറ്റി സംസാരിക്കാറുണ്ട്. ശ്രീ പറഞ്ഞു.