ഇന്ത്യൻ ടെസ്റ്റ് ടീം നായകസ്ഥാനത്ത് നിന്ന് വിരാട് കോലി സ്ഥാനമൊഴിഞ്ഞതിനെ പറ്റി ക്രിക്കറ്റ് ലോകത്ത് നിന്നും പലവിധ അഭിപ്രായങ്ങളാണ് ഉയരുന്നത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീം നായകന്മാരിൽ ഒരാളായ കോലി ടെസ്റ്റ് ടീം നായകസ്ഥാനത്ത് തന്നെ തുടരണമായിരുന്നു എന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോൾ കോലി നായകസ്ഥാനം വിട്ടുകൊടുത്തത് അദേഹത്തിനും ടീമിനും ഗുണകരമാകും എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസതാരം കപിൽദേവ്.
ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിയാനുള്ള വിരാട് കോലിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ടി20 നായകസ്ഥാനം ഒഴിഞ്ഞ ശേഷം സങ്കീർണമായ ഘട്ടത്തിലൂടെയാണ് കോലി കടന്നുപോകുന്നത്. സമ്മർദ്ദത്തിലാണ് കോളി അടുത്തകാലത്തായി കളിക്കുന്നത്. കൂടുതൽ സ്വതന്ത്രമായി കളിക്കാൻ ക്യാപ്‌റ്റൻസി ഒഴിയുന്നത് കോലിയെ സഹായിക്കും.
കോലി പക്വതയുള്ള താരമാണ്. ഏറെ ചിന്തിച്ച ശേഷമായിരിക്കും ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയിട്ടുണ്ടാവുക എന്ന് എനിക്കുറപ്പുണ്ട്. കോലിയെ പിന്തുണയ്ക്കുകയും ആശംസകള്‍ നേരുകയുമാണ് നാം ചെയ്യേണ്ടത്. കപിൽ ദേവ് പറഞ്ഞു. സുനില്‍ ഗാവസ്കർ വരെ എന്‍റെ കീഴില്‍ കളിച്ചിട്ടുണ്ട്. കെ ശ്രീകാന്തിനും മുഹമ്മദ് അസ്‍ഹറുദ്ദീനും കീഴില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. ഈഗോ മാറ്റിവെച്ച് ഒരു യുവ ക്യാപ്റ്റന് കീഴില്‍ കോലിക്ക് കളിക്കാം. അത് കോലിയെയും ഇന്ത്യന്‍ ക്രിക്കറ്റിനേയും സഹായിക്കും. കപിൽ ദേവ് പറഞ്ഞു.