ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഏര്‍പ്പെട്ട പരാജയത്തില്‍ കുല്‍ദീപ് യാദവിന് പകരം ഹര്‍ഷിത് റാണയെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ തീരുമാനത്തെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ എ ടീം നായകന്‍ പ്രിയാങ്ക് പാഞ്ചാല്‍. മത്സരത്തില്‍ കുല്‍ദീപിന് പകരമായി ഹര്‍ഷിത് റാണയെയാണ് ഇന്ത്യ കളിക്കാനിറക്കിയത്. ബാറ്റിങ്ങില്‍ ബാലന്‍സ് നല്‍കുന്നതിന് വേണ്ടി മാത്രം സ്‌പെഷ്യലിസ്റ്റ് ബാറ്ററെ മാറ്റി ഹര്‍ഷിതിന് അവസരം നല്‍കുന്ന തീരുമാനത്തെയാണ് പ്രിയങ്ക് പാഞ്ചാല്‍ എക്‌സിലൂടെ ചോദ്യം ചെയ്തത്. മത്സരത്തില്‍ എട്ടാമത് ബാറ്റ് ചെയ്യാനെത്തി 2 പന്തില്‍ ഒരു റണ്‍സ് മാത്രം നേടി ഹര്‍ഷിത് പുറത്തായിരുന്നു. 4 ഓവറില്‍ 27 റണ്‍സും താരം വഴങ്ങിയിരുന്നു.
എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് പ്രിയാങ്ക് പാഞ്ചാലിന്റെ വിമര്‍ശനം. ബാറ്റിങ്ങ് ഓര്‍ഡറിലും ടീമിന് മുതല്‍ക്കൂട്ടാകുന്ന കളിക്കാരനായാണ് ഹര്‍ഷിതിനെ പരിഗണിക്കുന്നതെങ്കില്‍ ആ റോളില്‍ അവന് കൂടുതല്‍ അവസരം നല്‍കണം. കുല്‍ദീപിനെ വാഷിങ്ടണ്‍ സുന്ദറിനോ നിതീഷ് കുമാര്‍ റെഡ്ഡിക്കോ പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തണം. ജസ്പ്രീത് ബുമ്രയില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യയുടെ വിക്കറ്റ് ടേക്കര്‍ ബൗളര്‍ കുല്‍ദീപാണ്. പ്രിയാങ്ക് പാഞ്ചാല്‍ എക്‌സില്‍ കുറിച്ചു.