Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഹീതര്‍ നൈറ്റിന്റെ(109) സെഞ്ചുറിയാണ് മികച്ച സ്‌കോറിലെത്താന്‍ സഹായിച്ചത്.
വനിതാ ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പരാജയപ്പെട്ട് ഇന്ത്യന്‍ വനിതകള്‍.ഇന്‍ഡോര്‍ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് നിസ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 94 പന്തില്‍ 88 റണ്‍സുമായി സ്മൃതി മന്ദാന 70 പന്തില്‍ 70 റണ്‍സുമായി ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍, 50 റണ്‍സുമായി ദീപ്തി ശര്‍മ എന്നിവരുടെ പോരാട്ടങ്ങളും ഇതോടെ പാഴായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഹീതര്‍ നൈറ്റിന്റെ(109) സെഞ്ചുറിയാണ് മികച്ച സ്‌കോറിലെത്താന്‍ സഹായിച്ചത്. എമി ജോണ്‍സ് 56 റണ്‍സുമായി മികച്ച പിന്തുണ നല്‍കി. ഇംഗ്ലണ്ട് ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചെയോടെയായിരുന്നു. മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ പ്രതിക റാവല്‍ പുറത്തായി. പിന്നാലെ ക്രീസിലെത്തിയ ഹര്‍ലീന്‍ ഡിയോള്‍ നന്നായി തുടങ്ങിയെങ്കിലും ഇന്നിങ്ങ്‌സ് അധികനേരം നീണ്ടുനിന്നില്ല. പിന്നീട് ഒത്തുചേര്‍ന്ന ഹര്‍മന്‍ പ്രീത്- സ്മൃതി മന്ദാന സഖ്യം നാലാം വിക്കറ്റില്‍ 125 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പിന്നാലെയെത്തിയ ദീപ്തി ശര്‍മയും ഇന്ത്യയെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോയി.
എന്നാല്‍ സ്മൃതി മന്ദാനയെ ലിന്‍സെ സ്മിത്ത് പുറത്താക്കിയതോടെ മത്സരം മാറിമറിഞ്ഞു. വിജയിക്കാവുന്ന നിലയില്‍ നിന്നിരുന്ന ഇന്ത്യയെ പ്രതിരോധത്തിലാക്കുന്നതായിരുന്നു പിന്നീടെത്തിയവരുടെ പ്രകടനങ്ങള്‍. 9 പന്തില്‍ 8 റണ്‍സ് നേടിയ റിച്ചഘോഷ് നിരാശപ്പെടുത്തി. അവസാന 4 ഓവറില്‍ 32 റണ്‍സായിരുന്നു ഇന്ത്യയ്ക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ദീപ്തി ശര്‍മ നിര്‍ണായകഘട്ടത്തില്‍ പുറത്തായതോടെ ഇന്ത്യ കിതച്ചു. സ്‌നേഹ് റാണ, അമന്‍ ജോത് എന്നിവര്‍ക്കൊന്നും വമ്പന്‍ അടികള്‍ നടത്താന്‍ സാധിക്കാതെ വന്നതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 2 ഓവറില്‍ 23 റണ്‍സെന്ന നിലയിലും അവസാന ഓവറില്‍ 14 റണ്‍സെന്ന നിലയിലുമായി.
അവസാന ഓവറിലെ ആദ്യ 2 പന്തില്‍ നിന്ന് നേടിയത് 2 റണ്‍സ് മാത്രം. മൂന്നാം പന്തിലും സിംഗിള്‍. നാലാം പന്തില്‍ റണ്‍സില്ല. ഇതോടെ അവസാന 2 പന്തില്‍ 11 റണ്‍സ്. അഞ്ചാം പന്തില്‍ 2 റണ്‍സ്. അവസാന പന്തില്‍ അമന്‍ജോത് ബൗണ്ടറി നേടിയെങ്കിലും ഇംഗ്ലണ്ട് നാല് റണ്‍സിന് വിജയിച്ചു.