2019 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൽ കാര്യമായ പ്രകടനം കാഴ്‌ച്ചവെയ്‌ക്കാൻ സാധിക്കാത്ത താരമാണ് ഇന്ത്യയുടെ ഇടംകയ്യൻ സ്പിന്നർ കുൽദീപ് യാദവ്. ചൈനമൻ സ്പിന്നിലൂടെ പ്രശംസ പിടിച്ചുപറ്റിയ താരം ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ അവിഭാജ്യ ഘടകമായിരുന്നെങ്കിലും ഏറെ കാലമായി ഫോമില്ലാതെ വലയുകയായിരുന്നു. ഇപ്പോഴിതാ ശ്രീലങ്കയ്ക്കെതിരായ ഏകദിന മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ തന്റെ മടങ്ങിവരവ് പ്രഖ്യാപിച്ചിരിക്കുകയാണ് കുൽദീപ്.
തിരിച്ചുവരവിന് തന്നെ സഹായിച്ചത് ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡാണെന്നാണ് കുൽദീപ് പറയുന്നത്. വലിയ ഇടവേളയ്ക്ക് ശേഷമാണ് ടീമിൽ തിരിച്ചെത്തുന്നത്. ആദ്യം ചർച്ചകൾ നടത്തി. ദ്രാവിഡ് എന്നെ ഒരുപാട് പിന്തുണയ്ക്കുകയും പ്രചോദിപ്പിക്കുകയും ചെയ്‌തു. ഫലത്തിനെ കുറിച്ച് ചിന്തിക്കാതെ കളി ആസ്വദിക്കാനാണ് ദ്രാവിഡ് പറഞ്ഞത്. മികച്ച പ്രകടനം പുറത്തെടുക്കാനായതിൽ എനിക്ക് സന്തോഷമുണ്ട്. മത്സരശേഷം കുൽദീപ് പറഞ്ഞു.
നേരത്തെ പല പരമ്പരകളിലും ടീമിന്റെ ഭാഗമായിരുന്നിട്ടും പ്ലേയിങ് ഇലവനിൽ കളിക്കാൻ താരത്തിനായിരുന്നില്ല. ഇക്കഴിഞ്ഞ ഐപിഎല്ലിന്റെ ആദ്യഘട്ടത്തിൽ കൊൽക്കത്തൻ ടീമിൽ ഉണ്ടായിരുന്നിട്ടും ഒരു മത്സരത്തിൽ പോലും കുൽദീപ് കളിച്ചിരുന്നില്ല. ശ്രീലങ്കയ്ക്കെതിരെ 9 ഓവറിൽ 48 റൺസ് വഴങ്ങി 2 വിക്കറ്റാണ് താരം നേടിയത്.