ലീഡ്‌സ് ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു. ഒന്നാം ഇന്നിങ്‌സില്‍ 354 റണ്‍സിന്റെ കൂറ്റന്‍ ലീഡ് വഴങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യ ഇപ്പോഴും 139 റണ്‍സ് പിന്നിലാണ്. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ പൊരുതി തുടങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ കരുതലോടെയാണ് ബാറ്റ് ചെയ്യുന്നത്.
ചേതേശ്വര്‍ പൂജാര (180 പന്തില്‍ 91 റണ്‍സ്), നായകന്‍ വിരാട് കോലി (94 പന്തില്‍ 45) എന്നിവരാണ് ഇപ്പോള്‍ ക്രീസില്‍. അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മ, എട്ട് റണ്‍സുമായി കെ.എല്‍.രാഹുല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പൂജാരയുടെ ചെറുത്തുനില്‍പ്പും കൃത്യമായ ഇടവേളകളില്‍ ബൗണ്ടറികളിലൂടെ റണ്‍സ് നേടാനുള്ള മനോഭാവവും ഇന്ത്യയ്ക്ക് ആശ്വാസമാകുകയാണ്. നായകന്‍ വിരാട് കോലി ബാറ്റിങ്ങില്‍ താളം കണ്ടെത്തിയതും ഇന്ത്യയ്ക്ക് സാധ്യതകള്‍ തുറന്നിടുന്നു. നാലാം ദിനമായ ഇന്ന് മുഴുവന്‍ ബാറ്റ് ചെയ്യുകയായിരിക്കും ഇന്ത്യയുടെ ലക്ഷ്യം.