വനിതാ ലോകകപ്പില്‍ അജയ്യരെന്ന് കരുതിയ ഓസ്‌ട്രേലിയന്‍ ടീമിനെ അട്ടിമറിച്ച് ഇന്ത്യ ഫൈനലിലെത്തിയതോടെ തകര്‍ന്നടിഞ്ഞത് ഒരുപിടി റെക്കോര്‍ഡുകള്‍. ഇന്ത്യയുടെ ഏതെങ്കിലും ഒരു ഏകദിന ടീം ആദ്യമായാണ് ലോകകപ്പിലെ ഒരു നോക്കൗട്ട് മത്സരത്തില്‍ 300ന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിക്കുന്നത്. മാത്രമല്ല വനിതാ ഏകദിന ലോകകപ്പില്‍ ഒരു ടീം പിന്തുടര്‍ന്ന് വിജയിക്കുന്ന ഏറ്റവും വലിയ സ്‌കോര്‍ കൂടിയാണിത്.
 
 			
 
 			
					
			        							
								
																	
	 
	ഈ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇന്ത്യക്കെതിരെ ഓസീസ് 331 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിച്ചിരുന്നു. ഈ റെക്കോര്‍ഡാണ് ഇന്ത്യന്‍ വനിതകള്‍ തിരുത്തിയെഴുതിയത്.മത്സരത്തില്‍ മൂന്നാം വിക്കറ്റില്‍ 167 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ജെമീമ റോഡ്രിഗസും ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറും ചേര്‍ന്ന് സ്വന്തമാക്കിയത്. ഇത് വനിതാ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ ഏറ്റവും മികച്ച കൂട്ടുക്കെട്ടാണ്. മത്സരത്തില്‍ സെഞ്ചുറി നേടിയതോടെ നോക്കൗട്ടില്‍ ചേസിങ്ങില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം വനിതാ താരമാകാന്‍ ഇന്ത്യയുടെ ജെമീമ റോഡ്രിഗസിനായി. ഇംഗ്ലണ്ടിന്റെ നാറ്റ് സ്‌കൈവര്‍ ബ്രണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം. അതേസമയം വനിതാ ഏകദിന ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഓസ്‌ട്രേലിയയോ ഇംഗ്ലണ്ടോ ഇല്ലാത്ത ഒരു ഫൈനല്‍ നടക്കുന്നത്.
	 
	ഇതുവരെ നടന്ന 12 ലോകകപ്പുകളില്‍ ഓസ്‌ട്രേലിയ 7 ലോകകിരീടം സ്വന്തമാക്കിയപ്പോള്‍ 4 എണ്ണം ഇംഗ്ലണ്ട് സ്വന്തമാക്കി. ഒരെണ്ണം ന്യൂസിലന്‍ഡും നേടി. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ പുതിയ ഒരു അവകാശിയാകും വനിതാ ലോകകപ്പിന് ഇക്കുറി ഉണ്ടാവുക.