Mayank Yadav: ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷ മങ്ങിയോ? മായങ്ക് യാദവ് പരുക്കിന്റെ പിടിയില്‍ !
എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിനിടെ മായങ്കിന് പരുക്കേറ്റിരിക്കുകയാണ്
Mayank Yadav: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ഉറപ്പായും പരിഗണിക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെടുന്ന പേസ് ബൗളറാണ് മായങ്ക് യാദവ്. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി മികച്ച പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. ഓരോവറില്‍ തുടര്‍ച്ചയായി 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയാനുള്ള മികവാണ് മായങ്ക് യാദവിനെ ശ്രദ്ധേയനാക്കിയത്. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മായങ്ക് യാദവ് ഇന്ത്യന്‍ പേസ് നിരയില്‍ എത്തിയാല്‍ അത് ലോകകപ്പില്‍ ഗുണം ചെയ്യുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിനിടെ മായങ്കിന് പരുക്കേറ്റിരിക്കുകയാണ്. രണ്ടാം ഇന്നിങ്‌സിന്റെ ഒന്‍പതാം ഓവറിലാണ് മായങ്ക് പരുക്കേറ്റ് മടങ്ങിയത്. മത്സരത്തില്‍ ഒരോവര്‍ മാത്രമാണ് മായങ്കിനു എറിയാന്‍ സാധിച്ചത്. ലഖ്‌നൗവിന്റെ തുടര്‍ന്നുള്ള മത്സരങ്ങള്‍ മായങ്കിനു നഷ്ടമാകുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
എന്നാല്‍ മായങ്കിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് തോന്നുന്നതെന്നും അദ്ദേഹത്തിനു തുടര്‍ന്നുള്ള മത്സരങ്ങള്‍ നഷ്ടപ്പെടില്ലെന്നാണ് പ്രതീക്ഷയെന്നും ലഖ്‌നൗ താരം ക്രുണാല്‍ പാണ്ഡ്യ പറഞ്ഞു. മത്സരശേഷം മായങ്കിനൊപ്പം സമയം ചെലവഴിച്ചെന്നും പാണ്ഡ്യ പറഞ്ഞു. അതേസമയം പരുക്ക് ഗുരുതരമല്ലെങ്കില്‍ മായങ്കിനെ ട്വന്റി 20 ലോകകപ്പിനുള്ള ടീമിലേക്ക് ഉറപ്പായും പരിഗണിക്കും.