ഓസ്‌ട്രേലിയക്കെതിരായ ഗാബ ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതായിരുന്നു. പരമ്പരയിലെ ഗതി നിര്‍ണയിക്കുന്ന മത്സരം എന്നതിനൊപ്പം ഇന്ത്യയുടെ ഇതിഹാസ സ്പിന്നറായ രവിചന്ദ്ര അശ്വിന്റെ അവസാന ടെസ്റ്റ് മത്സരം കൂടിയായിരുന്നു ഇത്. മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അശ്വിന്‍ തന്നെയാണ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.
ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ നായകന്‍ രോഹിത് ശര്‍മ വരുത്തിയ നാക്ക് പിഴയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളായ ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവരെ പറ്റി സംസാരിക്കവെയാണ് രോഹിത്തിന് നാക്കുപിഴ സംഭവിച്ചത്. പിന്നാലെ രോഹിത് തന്നെ ഇത് തിരുത്തുകയും ചെയ്തു. വാര്‍ത്താസമ്മേളനത്തിനിടെ പുജാര, അശ്വിന്‍, രഹാനെ എന്നിവരെ പറ്റി ചോദിച്ചപ്പോഴായിരുന്നു സംഭവം.
ഞാന്‍ അവരെ മിസ് ചെയ്യും. നോക്കു അവര്‍ക്ക് ഒരുപാട് മത്സരപരിചയമുണ്ട്. ഇന്ത്യയെ ഒരുപാട് മത്സരങ്ങളില്‍ വിജയത്തിലേക്കെത്തിച്ചവരാണ്. അപ്പോള്‍ നിങ്ങള്‍ ചുറ്റും നോക്കുമ്പോള്‍ അവരില്ല എന്നത് സങ്കടകരമാണ്. ഒന്ന് പറഞ്ഞോട്ടെ രഹാനെ റിട്ടയര്‍ ചെയ്തിട്ടില്ല, നിങ്ങള്‍ എല്ലാവരും ചേര്‍ന്ന് എന്നെ കുഴപ്പത്തിലാക്കിയേനെ.. രോഹിത് പറഞ്ഞു. ഞാന്‍ പറയുന്നത് 3 പേരും റിട്ടയര്‍ ചെയ്യുകയാണെങ്കില്‍ എന്നാണ്. പുജാരയും റിട്ടയര്‍ ചെയ്തിട്ടില്ല.3 പേരെ പറ്റിയും ചോദിച്ചത് കൊണ്ട് പറഞ്ഞതാണ്. അവര്‍ ഇവിടെയില്ല. പക്ഷേ അവര്‍ക്ക് ഇനിയും ടീമിലേക്ക് തിരിച്ചെത്താന്‍ സാധിക്കും. രോഹിത് പറഞ്ഞു.