ഏകദിന മത്സരത്തില്‍ തുടര്‍ച്ചയായി ഏഴ് അര്‍ദ്ധ സെഞ്ച്വറി; അവിശ്വസനീയ റെക്കോര്‍ഡുമായി മിഥാലി രാജ്
ഇന്ത്യന്‍ വനിത ക്രിക്കറ്റ് ക്യാപ്റ്റന്‍ മിഥാലി രാജിന് ചരിത്ര നേട്ടം
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരങ്ങളില്‍ തുടര്‍ച്ചയായി ഏഴ് അര്‍ദ്ധ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടത്തിനുടമയായി ഇന്ത്യന്‍ വനിത ക്രിക്കറ്റ് ക്യാപ്റ്റന്‍ മിഥാലി രാജ്. ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ധസെഞ്ചുറി നേടിയതോടെയാണ് മിഥാലി ഈ നേട്ടം സ്വന്തമാക്കിയത്. 73 പന്തില്‍ 71 റണ്‍സാണ് ഇംഗ്ലണ്ടിനെതിരെ മിഥാലി നേടിയത്.
തുടര്‍ച്ചയായി ആറ് ഇന്നിംഗ്സുകളില്‍ അര്‍ധ സെഞ്ചുറികള്‍ നേടിയിട്ടുള്ള മുന്‍ ഇംഗ്ലണ്ട് നായകന്‍ ഷാര്‍ലറ്റ് എഡ്വേര്‍ഡ്സ്, ഓസ്ട്രേലിയന്‍ താരങ്ങളായ ലിന്‍ഡ്സേ റീലര്‍, എല്‍സി പെറി എന്നിവരുടെ റെക്കോര്‍ഡാണ് ഇതോടെ മിഥാലി മറികടന്നത്. അവസാനം കളിച്ച ഏഴ് ഇന്നിംഗ്സുകളില്‍ 70*, 64, 73*, 51*, 54, 62*71 എന്നിങ്ങനെയാണ് മിഥാലിയുടെ സ്കോര്‍.
ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ തുടര്‍ച്ചയായി അര്‍ധസെഞ്ചുറി നേടിയതില്‍ പാക്കിസ്ഥാന്‍ മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ് മാത്രമാണ് ഇനി മിഥാലിക്ക് മുമ്പിലുള്ളത്. തുടര്‍ച്ചയായി ഒമ്പത് മത്സരങ്ങളിലാണ് മിയാന്‍ദാദ് അര്‍ധസെഞ്ചുറി നേടിയിട്ടുള്ളത്. വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം അര്‍ധസെഞ്ചുറികളെന്ന റെക്കോര്‍ഡും മിഥാലിയുടെ പേരിലാണ്. 178 ഏകദിനങ്ങളില്‍ 47 അര്‍ധസെഞ്ചുറിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ പേരിലുള്ളത്.
മിഥാലിയുടെ തകര്‍പ്പന്‍ ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ 35 റണ്‍സിന്റെ മിന്നുന്ന ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മിഥാലിയുടെയും(71), പൂനം റാവത്തിന്റെയും(86), സ്മൃതി മന്ഥരയുടെയും(90) അര്‍ധസെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ 281 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ടിന് 47.3 ഓവറില്‍ 246 റണ്‍സ് മാത്രമേ എടുക്കാന്‍ കഴിഞ്ഞുളളു.