കോഹ്‌ലിയോട് ഇനിയും അങ്ങനെ പറയും; വിവാദങ്ങള്‍ക്കിടെ നായകസ്ഥാനം ഒഴിയാനുണ്ടായ കാരണം എന്തെന്ന് ധോണി വ്യക്തമാക്കുന്നു
പ്രശ്‌നം ഇതായിരുന്നു; നായകസ്ഥാനം ഒഴിയാനുണ്ടായ കാരണം എന്തെന്ന് ധോണി വ്യക്തമാക്കുന്നു
നായകസ്ഥാനം വിരാട് കോഹ്‌ലിക്ക് കൈമാറിയ നടപടിയില്‍ സംതൃപ്‌തി പ്രകടിപ്പിച്ച് മഹേന്ദ്ര സിംഗ് ധോണി. ടെസ്‌റ്റ് നായക പദവിയില്‍ കോഹ്‌ലി തുടര്‍ച്ചയായി ജയം കണ്ടെത്തിയതോടെയാണ് ഏകദിന, ട്വന്റി- 20 ടീമുകളുടെ നേതൃസ്ഥാനം അദ്ദേഹത്തിന് കൈമാറിയത്. കൃത്യമായ സമയത്താണ് വിരാട് ഇന്ത്യന്‍ ടീമിന്റെ നായകനായിരിക്കുന്നത്. കളികൾ ജയിക്കാനുള്ള അഗാധമായ ദാഹം അദ്ദേഹത്തിനുണ്ടെന്നും ധോണി വ്യക്തമാക്കി.
ഓരോ ദിവസവും കളി മെച്ചപ്പെടുത്താൻ അക്ഷീണം പ്രയത്നിക്കുന്ന കോഹ്‌ലിയുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. കഠിന പരിശ്രമം മൂലമാണ് അദ്ദേഹം മികച്ച താരമായത്. ഉത്തരവാദിത്തങ്ങൾ ലഭിക്കുമ്പോഴും പ്രകടനം മോശമാകാതിരിക്കാന്‍ അദ്ദേഹം ശ്രമിക്കുകയും പുതുതായി കാര്യങ്ങള്‍ പഠിക്കുകയും ചെയ്യുന്നുണ്ടെന്നും ധോണി പറഞ്ഞു. ടെസ്‌റ്റ് മത്സരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദിനത്തില്‍ ടീമിനെ നയിക്കുക അത്ര ബുദ്ധിമുട്ടുള്ള ഒന്നല്ല.
വിക്കറ്റ് കീപ്പറെന്ന നിലയിൽ എന്റെ അഭിപ്രായങ്ങൾ തുടർന്നും ഞാൻ വിരാടുമായി പങ്കുവയ്‌ക്കും എത്രത്തോളം സംഭാവനകൾ എനിക്ക് വിരാടിന് നൽകാനാകുമോ, അത്രയും ഗുണം ടീമിനും ലഭിക്കുമെന്നും ധോണി പറഞ്ഞു.
ഓരോ ഫോർമാറ്റിനും ഓരോ നായകന്മാര്‍ എന്ന രീതി നല്ലതല്ല. ടെസ്‌റ്റ് നായകസ്ഥാനം ഒഴിഞ്ഞപ്പോഴും ഈ ചിന്തയുണ്ടായിരുന്നു. നമ്മുടെ സാഹചര്യം വെച്ചു നോക്കിയാല്‍ ഈ നീക്കം ടീമിന് ഒരിക്കലും ഫലം നല്‍കില്ല. എന്നാല്‍ കോഹ്‌ലി തികഞ്ഞ ടെസ്‌റ്റ് നായകനായി വളരുന്നതിന് സമയം ആവശ്യമായിരുന്നു. ടെസ്‌റ്റ് നായകസ്ഥാനം ഭംഗിയായി നിര്‍വഹിച്ച അദ്ദേഹത്തിന് പരിമിത ഓവര്‍ നായക സ്ഥാനം കൂടി നല്‍കുന്നതിനാണ് രാജിവച്ചതെന്നും ധോണി പറഞ്ഞു.
2007ല്‍ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത ശേഷം ടീമില്‍ നിരവധി മാറ്റങ്ങള്‍ വരുത്തി. ബാറ്റിംഗ് നിരയിലെ മുന്‍ നിര താരങ്ങള്‍ മികച്ച പ്രകടനം നടത്തുന്നതിനാല്‍ എനിക്ക് പലപ്പോഴും ഒന്നും ചെയ്യേണ്ടി വന്നിരുന്നില്ല. അതിനാല്‍ തന്നെ ബാറ്റിംഗ് ഓര്‍ഡറില്‍ കൃത്യമായ സ്ഥലവും എനിക്കില്ലായിരുന്നു. ഏത് സ്ഥാനത്തിറങ്ങുന്നോ അതിനനുസരിച്ചാണ് കളി രൂപപ്പെടുത്തുക എന്നതായിരുന്നു എന്നും എന്റെ രീതിയെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
ടെസ്‌റ്റ് നായകസ്ഥാനം ഒഴിഞ്ഞത് നല്ല സമയത്തു തന്നെയായിരുന്നു. വൃദ്ധിമാൻ സാഹ ടീമില്‍ എത്താന്‍ തയാറായിരുന്ന സമയമായിരുന്നു അത്. സാഹ വിക്കറ്റ് കാക്കാന്‍ യോഗ്യനുമായിരുന്നു. അതിനാലാണ് ടെസ്‌റ്റ് നായകസ്ഥാനം കൈമാറിയത്. ജീവിതത്തിൽ ഒന്നിനെക്കുറിച്ചും താൻ ഖേദിച്ചിട്ടില്ലെന്നും ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞശേഷം നടത്തിയ ആദ്യ വാർത്താസമ്മേളനത്തില്‍ ധോണി വ്യക്തമാക്കി.