Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണിയെന്ന കൌശലക്കാരൻ, പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ; കൂൾ ക്യാപ്റ്റൻ ഒരുക്കിയ കെണി

ധോണിയെന്ന കൌശലക്കാരൻ, പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ; കൂൾ ക്യാപ്റ്റൻ ഒരുക്കിയ കെണി

എസ് ഹർഷ

, ബുധന്‍, 16 ഒക്‌ടോബര്‍ 2019 (14:46 IST)
2007 ലെ ടി-20 ലോകകപ്പ് എടുത്ത് നോക്കിയാൽ എം എസ് ധോണിയെന്ന വ്യത്യസ്തനായ നായകനെയാണ് കാണാൻ സാധിക്കുക. അന്ന് അദ്ദേഹം നായകപ്പട്ടത്തില്‍ കന്നിക്കാരനാണ്. ഒരു പ്രതീക്ഷയുമില്ലാതെയാണ് ദക്ഷിണാഫ്രിക്കയിലേക്ക് ഇന്ത്യന്‍ ടീം എത്തിയത്. പക്ഷേ ക്യാപ്റ്റന് പിന്‍ബലമായി യുവരാജ് സിംഗിനെ പോലുള്ള പുലികള്‍ അണിനിരന്നപ്പോള്‍ സ്വപ്‌നതുല്യമായ കിരീടം. ആദ്യ ടി 20 ലോകകപ്പിൽ ഇന്ത്യ ജേതാക്കളായി. ആരേയും കൊതിപ്പിക്കുന്ന റെക്കോർഡുകളാണ് ഒരു നായകനെന്ന നിലയിൽ അദ്ദേഹത്തിനുള്ളത്. 
 
ഒരൊറ്റ തീരുമാനത്തിലൂടെ കളിയുടെ ഗതി തന്നെ മാറ്റാൻ കഴിവുള്ള താരമാണ് ധോണി. ഫീൽ‍‌ഡിൽ അപ്രതീക്ഷിത മാറ്റങ്ങൾ വരുത്തി ധോണി വിരിച്ച വലയിൽ വീണവർ ഒരുപാടുണ്ട്. 2007ലെ ലോകകപ്പിൽ മിസ്ബ ഉൾ ഹക്കിനെ ശ്രീശാന്തിന്റെ കൈയിലെത്തിച്ചതിനു പിന്നിൽ ധോണിയുടെ കൌശലമായിരുന്നു.  
 
2007 ലെ ലോകകപ്പിനായി ടീം എങ്ങനെ തയ്യാറെടുത്തുവെന്നും എങ്ങനെയാണ് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയതെന്നും അടുത്തിടെ ധോണി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. എതിരാളികളെ നിലം‌പരിശാക്കാൻ ബൌളർമാരെ പരിശീലിപ്പിച്ചതെങ്ങനെയെന്ന് ധോണി വിശദീകരിച്ചു.  
 
2007ലെ ആദ്യ ട്വന്റി20 ലോകകപ്പ് ഫൈനലിലെ അവസാന ഓവർ ഇന്ത്യൻ കളിക്കാർ മറക്കാനിടയില്ല. പാകിസ്ഥാനെ നിലം‌പരിശാക്കാൻ ഇന്ത്യയ്ക്ക് ആകെ വേണ്ടത് ഒരേയൊരു വിക്കറ്റ്. കപ്പുയർത്താൻ പാകിസ്ഥാനാവശ്യം വെറും 13 റൺസ്. സ്റ്റേഡിയം ഒന്നാകെ നിശബ്ദതയിലാഴ്ന്ന നിമിഷങ്ങൾ. പരിചയമേറെയുള്ള ഹർഭജൻ സിങിനു ഇനിയും ഒരോവർ ബാക്കി നിൽക്കവേയാണ് ജോഗീന്ദറിനു ധോണി പന്തു കൊടുത്തത്. ആകാംഷയ്ക്കൊടുവിൽ നാലു പന്തിൽ ആറു റൺസ് എന്ന നിലയിലായി കാര്യങ്ങൾ. 
 
ശ്രീശാന്തിനെ ഫൈൻ ലെഗിൽ കാവൽ നിർത്തി ധോണി ജോഗീന്ദറിനടുത്തേക്ക് നടന്നടുത്തു. നിമിഷങ്ങൾക്കുള്ളിൽ നിർദേശങ്ങൾ പാസ് ചെയ്യപ്പെട്ടു കഴിഞ്ഞു. ജോഗീന്ദറിനോട് ഓഫ് സ്റ്റംപിനു പുറത്തു പന്തെറിയാൻ കൂൾ ക്യാപ്റ്റൻ നിർദേശിച്ചു. ധോണി വിരിച്ച കെണി എന്തെന്നറിയാതെ സ്കൂപ്പിനു ശ്രമിച്ച മിസ്ബ ഉൾ ഹക്ക് ശ്രീശാന്തിന് ക്യാച്ചു നൽകി മടങ്ങി. താനൊരു ഗംഭീര നായകനാണെന്ന് ധോണി തെളിയിച്ച നിമിഷങ്ങളായിരുന്നു അത്. എങ്ങനെയാണ് ഇത്രയധികം തന്ത്രപരമായി കളിക്കാൻ കഴിഞ്ഞതെന്ന് വ്യക്തമാക്കുകയാണ് ധോണി. 
 
‘പരിശീലന സമയങ്ങളിൽ അത് ആരംഭിച്ചിരുന്നതും അവസാനിപ്പിച്ചിരുന്നതും ഔട്ടുകളിലായിരുന്നു. ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു പരീക്ഷണം. ഏറ്റവും അധികം സ്റ്റമ്പുകൾ അടിക്കുന്ന കളിക്കാൻ സാഹചര്യം അനുസരിച്ച് ബൌൾ ഔട്ടിനും ശ്രമിക്കണമെന്ന ആവശ്യം ടീം ഏറ്റെടുത്തു. അതിനായി ഞങ്ങളുടെ പതിവ് ബൌളർമാരെ തിരഞ്ഞെടുത്തില്ല, പകരം മികച്ച റിസൾട്ട് നൽകാൻ കഴിയുമെന്ന് ഉറപ്പുള്ളവരെ അതിനായി തിരഞ്ഞെടുത്തു. സാഹചര്യം വന്നപ്പോൾ അതായിരുന്നു ഉപയോഗിച്ചതും. ഏതെങ്കിലും രണ്ട് പേർക്ക് മാത്രം ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കുന്നതാണ് ഇതെന്ന് കരുതുന്നില്ല. ടീം ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമായിരുന്നു ടി 20 ലോകകപ്പ് ഞങ്ങൾക്ക് ലഭിച്ചു എന്നത്. മികച്ച റൺ‌ഔട്ടും മികച്ച ക്യാച്ചും ടീം വർക്കിന്റെ ഫലമാണ്. ‘- ധോണി വിശദീകരിച്ചു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇപ്പൊഴേ മാരകം; ഇനി ബൂമ്ര കൂടി വന്നാല്‍, അമ്പമ്പോ !