ആര്‍ക്കെങ്കിലും ഈ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചോ ?; ധോണിയേക്കുറിച്ച് ഗംഭീര്‍ നടത്തിയ പ്രസ്‌താവന വൈറലാകുന്നു
ധോണിയേക്കുറിച്ച് ഗംഭീര്‍ നടത്തിയ പ്രസ്‌താവന വൈറലാകുന്നു
ഗൗതം ഗംഭീറിനെ മഹേന്ദ്ര സിംഗ് ധോണിയുടെ എതിര്‍പാളയത്തിലുള്ള താരമായിട്ടാണ് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഗംഭീറിനെ ഇന്ത്യന്‍ ടീമില്‍ നിന്നും തഴഞ്ഞതും തിരിച്ചെത്താന്‍ അനുവദിക്കാത്തതും ധോണിയുടെ ഇടപെടലുകള്‍ ആണെന്ന വിലയിരുത്തലുകളും വാര്‍ത്തകളും ശക്തമായിരുന്നു. ഇതോടെയാണ് ഇരുവരും തമ്മില്‍ ശത്രുതയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്.
ധോണിയെ ട്വന്റി-20 ക്രിക്കറ്റ് ടീമില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരിക്കെ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് മഹിക്ക് പിന്തുണയുമായി ഗംഭീര്‍ എത്തിയിരിക്കുകയാണ്.
“ ഞാന്‍ ഏറ്റവും ആസ്വദിച്ച് കളിച്ചത് ധോണിയുടെ കീഴിലാണ്. ടീമിന്റെ മോശം കാലഘട്ടത്ത് പലര്‍ക്കും സാധിക്കാതിരുന്ന നേട്ടങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ച താരമാണ് അദ്ദേഹം. മഹിയുടെ ക്യാപ്‌റ്റന്‍സിയെ മാനിക്കണം. എപ്പോഴും ശാന്തനായ ധോണി കാര്യങ്ങള്‍ സിമ്പിളായി കൈകാര്യം ചെയ്യുന്നതില്‍ കേമനാണ് ”- എന്നും ഗംഭീര്‍ വ്യക്തമാക്കി.
“ഞങ്ങള്‍ ഏതാണ്ട് ഒരേ പ്രായക്കാരാണ്. 2011-12 സീസണില്‍ നമ്മള്‍ ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും 4-0ന് തോറ്റു. കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കിയ ഈ സമയത്ത് ധോണി ശാന്തനായിരുന്നു. വികാരങ്ങാള്‍ക്ക് അടിമപ്പെടാതെ അദ്ദേഹം കാര്യങ്ങള്‍ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഇക്കാര്യത്തില്‍ അവനെ അഭിനന്ദിക്കാതെ വഴിയില്ല” - എന്നും ഗംഭീര്‍ പറഞ്ഞു.
സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വീരേന്ദ്രര്‍ സെവാഗ് എന്നിവരുടെ കീഴില്‍ കാളിച്ചിട്ടുണ്ടെങ്കിലും ധോണിയായിരുന്നു മിടുക്കന്‍. ഏറ്റവും ആസ്വദിച്ച് കളിച്ചത് അവന്റെ കീഴിലായിരുന്നുവെന്നും കൊല്‍ക്കത്ത ഐ പി എല്‍ ടീമായ നൈറ്റ് റൈഡേഴ്സിന്റെ ടിവി ഷോ ആയ നൈറ്റ് ക്ലബ്ബില്‍ ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.