വിരാടിന്റെ ഗോഡ്‌ഫാദര്‍ ധോണി തന്നെ; തിരുവനന്തപുരത്തെ ഈ വീഡിയോ അതിനുള്ള തെളിവ്
വിരാടിന്റെ ഗോഡ്‌ഫാദര്‍ ധോണി തന്നെ; തിരുവനന്തപുരത്തെ ഈ വീഡിയോ അതിനുള്ള തെളിവ്
ഫോമിന്റെ പേരില്‍ ആരോപണം നേരിടുന്ന മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ശക്തമായ പിന്തുണയാണ് നല്‍കുന്നത്. ഇരുവരും തമ്മിലുള്ള സ്‌നേഹബന്ധം മാത്രമാണ് ഇതിനു കാരണമെന്ന് പറയാന്‍ സാധിക്കില്ല.
ഡ്രസിംഗ് റൂമിലും ഗ്രൌണ്ടിലും ധോണി സഹതാരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും ഉപദേശങ്ങളും കോഹ്‌ലിയെ സഹായിക്കുന്നുണ്ട്. സമ്മര്‍ദ്ദ ഘട്ടങ്ങള്‍ കൈകാര്യം ചെയ്യാന്‍ ധോണിക്ക് മാത്രമെ സാധിക്കുകയുള്ളൂവെന്ന ചിന്തയും കോഹ്‌ലിയിലുണ്ട്. അതിനാല്‍, മുന്‍ നായകന്റെ ഗുണങ്ങള്‍ പഠിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കോഹ്‌ലി.
ധോണിയുടെ ശൈലികള്‍ പിന്തുടരുന്ന കോഹ്‌ലി തിരുവനന്തപുരത്ത് പുറത്തെടുത്തത് തനി ‘ മഹി സ്‌റ്റൈല്‍ ’. കിരീടം ലഭിച്ച ശേഷം ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരത്തിന്റെ കൈകളിലേക്ക് ട്രോഫി കൊടുക്കുന്ന ധോണിയുടെ രീതിയാണ് കോഹ്‌ലി ന്യൂസിലന്‍ഡിനെതിരായ വിജയത്തിനു ശേഷം പുറത്തെടുത്തത്.
ട്രോഫി ടീമിലെ ഏറ്റവും ജൂനിയറായ മുഹമ്മദ് സിറാജിന്റെ കൈകളിലേക്ക് നല്‍കിയ കോഹ്‌ലി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വേളയില്‍ ഏറ്റവും സൈഡിലേക്ക് മാറുകയും ചെയ്‌തു. ധോണി പിന്തുടര്‍ന്ന രീതികളാണ് ഇത്.
കോഹ്‌ലിയില്‍ നിന്നും ട്രോഫി ലഭിച്ച സിറാജ് കിരീടം ആദ്യം നിലത്തുവച്ചു. ട്രോഫി ഉയര്‍ത്തിക്കാണിക്കണമെന്ന് അടുത്തു നിന്ന താരങ്ങള്‍ പറഞ്ഞപ്പോള്‍ യുവതാരം അത് പാലിക്കുകയും ചെയ്‌തു. സിറാജിനൊപ്പം പുതുമുഖ താരങ്ങളായ യുസ്‌വെന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍ തുടങ്ങിയവരും ഫോട്ടോയുടെ മുന്‍നിരയിലുണ്ടായിരുന്നു.