Mumbai Indians: മുംബൈയുടെ പ്ലേ ഓഫ് സാധ്യത തുലാസില്‍, ഇനി വഴികള്‍ കടുപ്പം !
13 കളികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഏഴ് ജയത്തോടെ 14 പോയിന്റുമായി നാലാം സ്ഥാനത്താണ് മുംബൈ
Mumbai Indians: നിര്‍ണായക മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് തോറ്റതോടെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യത തുലാസില്‍. ശേഷിക്കുന്ന ഒരു മത്സരത്തില്‍ വിജയിച്ചാലും മുംബൈ ഇന്ത്യന്‍സിന് കാര്യങ്ങള്‍ എളുപ്പമാകില്ല. നെറ്റ് റണ്‍റേറ്റ് വളരെ കുറവായതിനാല്‍ മുംബൈയുടെ പ്ലേ ഓഫ് പ്രവേശനം മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിച്ചിരിക്കും.
13 കളികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഏഴ് ജയത്തോടെ 14 പോയിന്റുമായി നാലാം സ്ഥാനത്താണ് മുംബൈ. നെറ്റ് റണ്‍റേറ്റ് -0.128 ആണ്. രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനും ഓരോ കളികള്‍ കൂടി ശേഷിക്കുന്നുണ്ട്. ഈ കളികളില്‍ ജയിച്ചാല്‍ ഇരുവരും പ്ലേ ഓഫില്‍ കയറും. പിന്നീട് നാലാം സ്ഥാനത്തേക്ക് മാത്രമായിരിക്കും മത്സരം. മുംബൈ അടുത്ത മത്സരം ജയിക്കുകയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അവര്‍ക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ജയിക്കുകയും ചെയ്താല്‍ ഇരു ടീമുകള്‍ക്കും 16 പോയിന്റ് വീതമാകും. പക്ഷേ നിലവില്‍ നെറ്റ് റണ്‍റേറ്റില്‍ മുംബൈ ഇന്ത്യന്‍സിനേക്കാള്‍ മുന്‍പില്‍ നില്‍ക്കുന്നതിനാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാണ് സാധ്യത.
സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെയാണ് മുംബൈയുടെ ശേഷിക്കുന്ന മത്സരം. മേയ് 21 ഞായറാഴ്ച 3.30 മുതല്‍ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഈ മത്സരം നടക്കുക. സണ്‍റൈസേഴ്‌സിനെതിരെ ഉയര്‍ന്ന മാര്‍ജിനില്‍ ജയിക്കാന്‍ സാധിച്ചാല്‍ മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താം.
ലഖ്‌നൗവിനെതിരായ നിര്‍ണായക മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് മുംബൈ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ 20 ഓവറില്‍ 172 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ഇഷാന്‍ കിഷന്‍ അര്‍ധ സെഞ്ചുറി നേടിയെങ്കിലും ഈ ഇന്നിങ്‌സിന് മുംബൈയെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. കിഷന്‍ 39 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം 59 റണ്‍സ് നേടി. രോഹിത് ശര്‍മ 25 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 37 റണ്‍സ് സ്വന്തമാക്കി. ടിം ഡേവിഡ് അവസാന സമയത്ത് പൊരുതി നോക്കിയെങ്കിലും (19 പന്തില്‍ 32 നോട്ട്ഔട്ട്) രക്ഷയുണ്ടായില്ല. സ്റ്റോയ്‌നിസിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് നേരത്തെ ലഖ്‌നൗ 177 റണ്‍സ് നേടിയത്. സ്റ്റോയ്‌നിസ് വെറും 47 പന്തില്‍ എട്ട് സിക്‌സും നാല് ഫോറും സഹിതം 89 റണ്‍സ് നേടി പുറത്താകാതെ നിന്നു.