ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിന് ഇന്ത്യക്കെതിരെ തയ്യാറെടുക്കുകയാണ് അഫ്ഗാനിസ്ഥാന്‍. ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും അവസാന ഗ്രൂപ്പ് മത്സരത്തില്‍ അഫ്ഗാനെ വെസ്റ്റിന്‍ഡീസ് നിഷ്പ്രഭമാക്കിയിരുന്നു. സൂപ്പര്‍ 8 വിജയിച്ച് സെമിയില്‍ എത്തണമെങ്കില്‍ ഇന്ത്യ,ഓസ്‌ട്രേലിയ എന്നിവരില്‍ ഒരു ടീമിനെ അഫ്ഗാന് തോല്‍പ്പിക്കേണ്ടതായി വരും. ഇന്ത്യയുമായുള്ള മത്സരം ഇന്ന് നടക്കാനിരിക്കെ മത്സരത്തില്‍ എന്ത് സമീപനമാവും അഫ്ഗാന്‍ ടീം സ്വീകരിക്കുക എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അഫ്ഗാന്‍ ഓപ്പണറായ റഹ്മാനുള്ള ഗുര്‍ബാസ്.
ബുമ്ര മാത്രമല്ല ഇന്ത്യന്‍ നിരയില്‍ വേറെയും അഞ്ച് ബൗളര്‍മാര്‍ കൂടിയുണ്ട്. ബുമ്രയെ മാത്രം ശ്രദ്ധിച്ചുകളിച്ചാല്‍ മറ്റുള്ളവരുടെ പന്തില്‍ ഞാന്‍ പുറത്തായേക്കാം. ആര് പന്തെറിയുന്നു എന്നതല്ല. എന്റെ ഏരിയയിലാണ് പന്ത് വരുന്നതെങ്കില്‍ തകര്‍ത്തടിക്കാന്‍ ഞാന്‍ ശ്രമിക്കാം. പന്തെറിയുന്നത് ബുമ്രയാകാം,സിറാജാകാം,അര്‍ഷദീപാകാം. ഒന്നുങ്കില്‍ ബൗണ്ടറിയാകും അല്ലെങ്കില്‍ ഞാന്‍ പുറത്താകും. അതിനാല്‍ ഇത് ബുമ്രയ്‌ക്കെതിരായ പോരാട്ടമല്ല. ഗുര്‍ബാസ് പറഞ്ഞു.
അതേസമയം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏത് ടീമിനും വെല്ലുവിളി സൃഷ്ടിക്കുന്ന ടീമാണ് അഫ്ഗാനിസ്ഥാന്‍. കഴിഞ്ഞ ഏകദിന ലോകകപ്പിലും മികച്ച പ്രകടനമാണ് ടീം നടത്തിയത്. മുന്‍പെല്ലാം തങ്ങളുടെ മാനസികാവസ്ഥ ലോകകപ്പില്‍ പങ്കെടുക്കുക എന്നത് മാത്രമാണെന്നും എന്നാല്‍ ഞങ്ങള്‍ക്കും ചാമ്പ്യന്മാരാകാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമാണ് ഇപ്പോള്‍ ടീമിനുള്ളതെന്നും ഗുര്‍ബാസ് പറഞ്ഞു. ആദ്യം സെമിയിലെത്തുക, അതിന് ശേഷം മാത്രമെ ഫൈനലിനെ പറ്റി ചിന്തിക്കാന്‍ ആഗ്രഹിക്കുന്നുള്ളുവെന്നും ഗുര്‍ബാസ് വ്യക്തമാക്കി.