ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ ഇന്ത്യയുടെ ആദ്യ മത്സരം വെസ്റ്റിന്‍ഡീസിലെ ബാര്‍ബഡോസ് കെന്‍സിങ്ങ്ടണ്‍ ഓവല്‍ ഗ്രൗണ്ടില്‍ നടക്കാനിരിക്കെ 1997ല്‍ ബാര്‍ബഡോസില്‍ ഇന്ത്യന്‍ ടീമിനുണ്ടായ ദുരന്തം ഓര്‍മിപ്പിച്ച മാധ്യമപ്രവര്‍ത്തകനെതിരെ ക്ഷുഭിതനായി ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. 1997ല്‍ ബാര്‍ബഡോസില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ വെറും 120 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ തകര്‍ന്നടിഞ്ഞിരുന്നു. ആദ്യ ഇന്നിങ്ങ്‌സില്‍ 78 റണ്‍സുമായി തിളങ്ങിയ ദ്രാവിഡ് 2 റണ്‍സായിരുന്നു രണ്ടാം ഇന്നിങ്ങ്‌സില്‍ നേടിയത്. ഈ മത്സരത്തെ പറ്റിയാണ് അഫ്ഗാന്‍ പോരാട്ടത്തിന് തൊട്ടുമുന്‍പെ മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ചോദിച്ചത്.
പ്രിയപ്പെട്ട ചങ്ങാതി എനിക്ക് ഈ ഗ്രൗണ്ടില്‍ വേറെ ഡീസന്റായ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ ദ്രാവിഡ് അസ്വസ്ഥതയോടെയാണ് ചോദ്യത്തിനോട് പ്രതികരിച്ചത്. അതേസമയം കഴിഞ്ഞ കാലത്തെ ഓര്‍മകളുടെ ചുമട് താന്‍ താങ്ങാറില്ലെന്നും നിലവില്‍ അഫ്ഗാനെതിരായ മത്സരത്തില്‍ മാത്രമാണ് ശ്രദ്ധയെന്നും ദ്രാവിഡ് പറഞ്ഞു. അഫ്ഗാനെതിരെ മത്സരഫലം എന്തായാലും അത് 1997ലെ മത്സരഫലം തിരുത്താന്‍ പോകുന്നില്ലല്ലോ. വിജയത്തോടെ സൂപ്പര്‍ 8 മത്സരങ്ങള്‍ തുടങ്ങുകയാണ് പ്രധാനം.
ഇപ്പോള്‍ വിജയിച്ചാല്‍ അന്നത്തെ കളിയില്‍ ഞങ്ങള്‍ക്ക് 121 റണ്‍സാകുമായിരുന്നുവെങ്കില്‍ കൊള്ളാമായിരുന്നു. ഞങ്ങള്‍ നാളെ ജയിച്ചാലും ആ മത്സരത്തില്‍ 80 റണ്‍സെ ഇന്ത്യയുടെ പേരില്‍ ഉണ്ടാകു. ആ മത്സരത്തില്‍ നിന്നും ഞാന്‍ ഏറെ മുന്നോട്ട് പോയി.നാളത്തെ കാര്യങ്ങളില്‍ മാത്രമാണ് ശ്രദ്ധ നല്‍കുന്നത്. ദ്രാവിഡ് പറഞ്ഞു.