സൂപ്പര്‍താരം മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ സജീവമായി നിലനില്‍ക്കുകയാണ്. ബി സി സി ഐയും സെലക്‍ടര്‍മാരും ഇക്കാര്യത്തില്‍ വ്യത്യസ്ഥ അഭിപ്രായക്കാരാണ്. ധോണി കുറച്ചുനാള്‍ കൂടി തുടരണമെന്ന് ഒരു വിഭാഗം വ്യക്തമാക്കുമ്പോള്‍ യുവരക്തങ്ങള്‍ ടീമിലെത്തണമെന്ന വാദമാണ് മറുപക്ഷം ഉന്നയിക്കുന്നത്.
ചര്‍ച്ചകള്‍ രൂക്ഷമായിരിക്കെ ധോണിക്കെതിരെ മുനവച്ച വാക്കുകളുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ രംഗത്തുവന്നു. ധോണിയുടെ വിരമിക്കലിനെ വൈകാരികമായി സമീപിക്കരുതെന്നും പകരം പ്രായോഗിക തീരുമാനങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നും ഗംഭീർ അഭിപ്രായപ്പെട്ടു.
യുവതാരങ്ങളെ ടീമില്‍ നിറയ്‌ക്കാനാണ് ധോണി എന്നും ആഗ്രഹിച്ചത്. ടീമിന്റെ ക്യാപ്‌റ്റനായതോടെ അങ്ങനെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ഓസ്‌ട്രേലിയയില്‍ നടന്ന സിബി ടൂർണമെന്റിൽ എനിക്കും സച്ചിനും സെവാഗിനും ഒരുമിച്ച് അവസരം നല്‍കാന്‍ കഴിയില്ലെന്ന് തുറന്നടിച്ച താരമാണ് ധോണി.
ഭാവി താരങ്ങളിൽ വിശ്വാസമർപ്പിച്ച ക്യാപ്‌റ്റനായിരുന്നു ധോണി. യുവതാരങ്ങള്‍ ടീമില്‍ എത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചതു പോലെയുള്ള ഘട്ടമാണ് ഇപ്പോഴുള്ളത്. അതിനാല്‍, ധോണിയുടെ വിരമിക്കല്‍ കാര്യത്തില്‍ വൈകാരികതയല്ല പ്രായോഗിക തീരുമാനങ്ങൾക്കാണ് കൂടുതല്‍ പരിഗണന നല്‍കേണ്ടതെന്നും ഗംഭീര്‍ പറഞ്ഞു.
യുവതാരങ്ങളെ വളർത്തിയെടുക്കേണ്ട സമയമാണിത്. വിക്കറ്റിന് പിന്നില്‍ യുവതാരങ്ങള്‍ വരേണ്ടത് ആവശ്യമാണ്. ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ഇഷാൻ കിഷന്‍ എന്നിവര്‍ മികച്ച താരങ്ങളാണ്.
ഇന്ത്യക്ക് രണ്ട് ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയും സമ്മാനിച്ച ധോണി ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ്. ടീമിന്റെ വിജയങ്ങളില്‍ അദ്ദേഹത്തിന് മാത്രമായി ക്രെഡിറ്റ് ലഭിക്കുന്നത് ശരിയല്ല. എന്നാല്‍, ടീം പരാജയപ്പെടുമ്പോള്‍ അദ്ദേഹത്തെ മാത്രം പഴിക്കുന്നതും അംഗീകരിക്കാനാവില്ല. ഗാംഗുലി അടക്കമുള്ള നായകന്മാരും മികച്ചവരായിരുന്നു എന്നും ഗംഭീര്‍ പറഞ്ഞു.